കൊച്ചിയില്‍ വാട്സ്‌ആപ് ഹാക്കിങ് വ്യാപകമാകുന്നു. ഒരാളുടെ വാട്ട്‌സ്‌ആപ്പ് നമ്ബര്‍ ഹാക്ക് ചെയ്തതിനുപിന്നാലെ ആ ഫോണിലുള്ള മറ്റ് കോണ്ടാക്റ്റുകളുടെ വാട്സ്‌ആപ് ഹാക്ക് ചെയ്യുന്ന തട്ടിപ്പാണ് ആശങ്ക പടർത്തുന്നത്.
കൊച്ചിയില്‍ പിആര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അജിത് കുമാർ എന്നയാളാണ് സൈബർ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
അജിത് കുമാർ ഉള്‍പ്പെടെയുള്ള പുതുതായി നിലവില്‍ വന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ക്കായി വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് കൂട്ടത്തിലുള്ള ഒരാളുടെ ഫോണില്‍നിന്ന് ഒടിപി നമ്ബര്‍ ഫോര്‍വേഡ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചു. ഗ്രൂപ്പിന്റെ കാര്യം ചര്‍ച്ച ചെയ്തതിനാല്‍ കൂടുതലൊന്നും ആലോചിക്കാതെ ഒടിപി അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ അജിത് കുമാറിന്റെ വാട്ട്‌സ്‌ആപ്പും ഹാക്ക് ചെയ്യപ്പെട്ടു.
സംഭവത്തിന് പിറ്റേന്ന് പരാതിക്കാരന്റെ ഫോണില്‍നിന്ന് നഗരത്തിലെ പ്രധാന ബാങ്കുകളിലൊന്നിലെ ഉന്നത ഉദ്യോഗസ്ഥന് സന്ദേശം പോയി. അത്യാവശ്യമായി യുപിഐ വഴി 10,000 രൂപ നല്‍കാന്‍ അഭ്യർത്ഥിക്കുന്ന തരത്തിലായിരുന്നു സന്ദേശങ്ങള്‍. സന്ദേശത്തില്‍ പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചെങ്കിലും പണം നല്‍കിയില്ല. ഇതിനു പിന്നാലെ വാട്ട്‌സ്‌ആപ്പ് ഹാക്ക് ചെയ്യപ്പെട്ടത് ഇവരെല്ലാം തിരിച്ചറിയുകയായിരുന്നു.
ഉടന്‍ തന്നെ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഹാക്ക് ചെയ്യുന്ന നമ്ബര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലേക്കും കോണ്‍ടാക്ടുകളിലേക്കും കടന്നുകയറാനും അവരെയെല്ലാം ഹാക്ക് ചെയ്യാനും കഴിയുമെന്നതാണ് അപകടം. കൂടാതെ, ഹാക്ക് ചെയ്യപ്പെട്ടാല്‍ വാട്ട്‌സ്‌ആപ്പ് മുഖേന പങ്കുവെയ്ക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വിഡിയോ എന്നിവയെല്ലാം തട്ടിപ്പുകാര്‍ക്ക് കിട്ടുകയും ചെയ്യും.
‘തന്റെ വാട്സാപ്പ് ഹാക്ക് ചെയ്തു’ എന്ന മുന്നറിയിപ്പ് മെസേജ് ഗ്രൂപ്പുകളിലും സുഹൃത്തുക്കള്‍ക്കും അയച്ചാലും ഈ മെസേജ് തട്ടിപ്പുകാര്‍ തന്നെ ഡിലീറ്റ് ചെയ്യും. ഇക്കാര്യം വാട്ട്‌സ്‌ആപ്പ് മാതൃകമ്ബനിയായ മെറ്റയുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ പോലും തട്ടിപ്പിനിരയായവര്‍ക്ക് സാധിക്കുന്നില്ല. വളരെ ആസൂത്രിതമായാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്.
ഹാക്ക് ചെയ്യപ്പെട്ട നമ്ബര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം നടത്തുകയാണെന്നും ഇതിന് സാധിച്ചില്ലെങ്കില്‍ മെറ്റ കമ്ബനിയെ അറിയിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

















