മുനമ്ബം വിഷയത്തില്‍ സുപ്രധാന രാഷ്ടീയ നീക്കവുമായി മുസ്ലീം ലീഗ്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ കൊച്ചിയിലെത്തി ലത്തീൻ സഭാ മെത്രാൻ സമിതിയുമായി കൂടിക്കാഴ്ച നടത്തി. മുനമ്ബം തർക്കത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ സർക്കാർ വേഗം അഴിക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമവായ നീക്കവുമായാണ് മുസ്ലീം ലീഗ് നേതാക്കള്‍ ആർച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബിലുമായി ചര്‍ച്ച നടത്തിയത്. മുനമ്ബം സമരം സമിതി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ലീഗ് – ലത്തീൻ സഭ ചർച്ചയില്‍ സമവായ ധാരണയായിട്ടുണ്ട്. നി‍‍ർദേശം മുഖ്യമന്ത്രിയെ അറിയിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.

സൗഹാര്‍ദപരമായ ചര്‍ച്ചായായിരുന്നുവെന്നും പോസിറ്റീവായിരുന്നുവെന്നും ചര്‍ച്ചയ്ക്കുശേഷം സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുനമ്ബം വിഷയം ചര്‍ച്ച ചെയ്തുവെന്നും പ്രശ്ന പരിഹാരം എത്രയും വേഗം ഉണ്ടാക്കണമെന്നുമാണ് ചര്‍ച്ചയില്‍ പ്രധാന നിര്‍ദേശമായി ഉയര്‍ന്നതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുനമ്ബം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലീഗ് നേതാക്കള്‍ എത്തിയത് എന്ന് ആർച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബില്‍ പറഞ്ഞു. ഇതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇതൊരു മാനുഷിക പ്രശ്നമാണെന്നും ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മതമൈത്രി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകണം. എല്ലാവരും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു. സൗഹൃദ അന്തരീക്ഷത്തിലുള്ള ചർച്ചയാണ് നടന്നതെന്നും മുനമ്ബം വിഷയം രമ്യമായി പരിഹരിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്ബം വിഷയം രമ്യമായി പരിഹരിക്കണം എന്നാണ് ഫാറൂഖ് കോളേജ് കമ്മിറ്റിയുടെ നിലപാടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചര്‍ച്ചയിലെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും സര്‍ക്കാരുമായി ചേര്‍ന്നുകൊണ്ട് സമവായത്തിന് ശ്രമം നടത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വരാപ്പുഴ ബിഷപ്പ് ഹൗസിലാണ് ലീഗ് നേതാക്കള്‍ ആർച്ച്‌ ബിഷപ്പ് ജോസഫ് കളത്തിപ്പറമ്ബിലുമായി കൂടിക്കാഴ്ച നടത്തിയത്.മുനമ്ബം വിഷയം രമ്യമായ പരിഹാരത്തിന് സർക്കാർ ഇടപെട്ടില്ലെങ്കില്‍ മുസ്ലിം ലീഗ് മുൻകയ്യെടുക്കുമെന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നേരത്തെ അറിയിച്ചിരുന്നു. ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ബിഷപ്പുമാരുമായി ചർച്ച നടത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുനമ്ബത്തെ താമസക്കാരെ കുടിയിറക്കരുതെന്ന നിലപാടില്‍ എല്ലാവർക്കും യോജിപ്പാണ്. മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടില്‍ നിർത്തി വർഗീയ ചേരിതിരിവിന് ഒരു കൂട്ടർ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനം വൈകുന്നതിന് നല്‍കേണ്ടിവരുന്നതു വലിയ വിലയാണെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക