കോടികള്‍ മുടക്കി നിർമ്മിച്ച തിരൂരങ്ങാടി നഗരസഭാ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാടമുറിക്കാൻ കത്രികയില്ലാതെ കോമഡിയായി മാറി. ഇന്നലെ രാവിലെ ചെമ്മാട് നടന്ന പരിപാടിയിലാണ് സംഭവം. ഉദ്ഘാടകനെ കുറിച്ചുള്ള വിശേഷണത്തില്‍ ഗുരുതരമായ തെറ്റും സംഭവിച്ചു.പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ.
ഉദ്ഘാടനത്തിനായി നാട കെട്ടി നിർത്തുകയും എല്‍ഇഡി സ്ക്രീനോട് കൂടിയ വേദി തയാറാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എത്തിയപ്പോഴാകട്ടെ നാട മുറിക്കാൻ കത്രികയുണ്ടായിരുന്നില്ല. സംഘാടകർ പരസ്പരം പരിചാരിയപ്പോഴേക്കും കത്രികയ്ക്കായി കുറച്ചുനേരം കാത്തുനിന്ന ഇവർ പരിപാടി നടക്കുന്ന വേദിയിലേക്ക് നീങ്ങി.
അവിടെ എത്തിയപ്പോഴാകട്ടെ അതിനെക്കാള്‍ വലിയ അമളിയാണ് ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റേജിലെ എല്‍ഇഡി വാളില്‍ പ്രതിപക്ഷ ഉപനേതാവ് എന്നതിന് പകരം പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശേഷണമാകട്ടെ ‘ഉഷണനാവ്’ എന്നായിരുന്നു. ഇതോടുകൂടി കുഞ്ഞാലിക്കുട്ടി ഉദ്ഘാടനത്തിന് നിൽക്കാതെ മടങ്ങുകയായിരുന്നു. നേരത്തെത്തന്നെ തീരുമാനിച്ച പരിപാടിയുടെ ഉദ്ഘാടനത്തിന്റെ പ്രചാരണങ്ങള്‍ ഗംഭീരമായാണ് നടത്തിയത്. പത്രങ്ങളില്‍ പരസ്യം, അനൗണ്‍സ്മെന്റ്, കൂടാതെ ഗാനമേളയും ഒരുക്കിയിരുന്നു. എന്നാൽ അശ്രദ്ധമൂലം ഉണ്ടായ പാളിച്ചകൾ ഉദ്ഘാടകന് അപമാനകരമായ രീതിയിൽ കലാശിച്ചത് വലിയ നാണക്കേടായി മാറിയിട്ടുണ്ട്.

















