വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞതെന്നും ഇത് വഞ്ചനയായി പോയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ട്രൈബ്യൂണലില്‍ പരിഹരിക്കാവുന്ന വിഷയത്തില്‍ സുപ്രീംകോടതിയില്‍ പോകാമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശമേ കേന്ദ്ര സർക്കാറിനുള്ളൂ. വർഗീയത പറഞ്ഞു നടക്കുകയാണ്. കാട്ടാന മനുഷ്യരെ ചവിട്ടി കൊല്ലുന്നതിലും വന്യമൃഗ ആക്രമണത്തിലും കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കാനുണ്ടെന്നും അതിലൊന്നും യാതൊരു ശ്രദ്ധയുമില്ല. കാട്ടാന ചവിട്ടി കൊല്ലുന്ന വിഷയത്തില്‍ അഞ്ച് മിനിറ്റ് ചെലവഴിച്ചിരുന്നെങ്കില്‍ നാട്ടുകാർ രക്ഷപ്പെടുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഖഫ് ബില്ലും മുനമ്ബം പ്രശ്നവുമായി നേരിട്ട് ബന്ധമില്ലെന്നും വഖഫ് ബില്‍ പാസാകുന്നത് കൊണ്ട് മുനമ്ബം ഭൂമി പ്രശ്നം തീരില്ലെന്നും യു.ഡി.എഫ് നേരത്തെ പറഞ്ഞിരുന്നു. വഖഫ് ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഇപ്പോള്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. ബി.ജെ.പി ഇതുവരെ നടത്തിയിരുന്ന പ്രതികരണം വെറുതേയായിരുന്നുവെന്ന് ഇന്ന് ജനങ്ങള്‍ക്ക് മനസിലായി. വെറുതേ സ്വീകരണം ഏറ്റുവാങ്ങാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്ബം പ്രശ്നം ലളിതമായി പരിഹരിക്കാൻ ട്രൈബ്യൂണലിലെ കേസില്‍ യോജിച്ച നിലപാട് വന്നാല്‍ മതി. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാർ വൈകാതെ നിലപാട് സ്വീകരിച്ചാല്‍ ട്രൈബ്യൂണലില്‍ പ്രശ്നം തീരും. പണ്ടേ പ്രശ്നം പരിഹരിക്കാമായിരുന്നു. ട്രൈബ്യൂണല്‍ വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകാമെന്ന അവകാശം മാത്രമാണ് വഖഫ് ബില്‍ നല്‍കിയിട്ടുള്ളത്.രമ്യതയില്‍ പ്രശ്നം തീർക്കാൻ തയാറാണെന്ന് മുനമ്ബത്തെ ജനങ്ങളും ഫറൂഖ് കോളജും പറഞ്ഞിട്ടുണ്ട്. ട്രൈബ്യൂണില്‍ തന്നെ തീർക്കാവുന്ന ഒരു വിഷയത്തെ വലിച്ചു നീട്ടിയത് ആരാണ്. മുനമ്ബം വിഷയത്തെ വലിച്ചു നീട്ടി വഖഫ് ബില്ലില്‍ കെട്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. വാദിയും പ്രതിയും യോജിക്കുമ്ബോള്‍ സർക്കാർ പ്രശ്നമുണ്ടാക്കാതിരുന്നാല്‍ മതി.

സാദിഖലി തങ്ങള്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തിയ സമയത്ത് തന്നെ പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമവഴിലൂടെ തന്നെ പരിഹാരം കാണണമെന്നുമാണ് കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കിയത്. വഖഫ് ബോർഡിന്‍റെ അധികാരത്തിലും ഘടനയിലും നിയമഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്ബത്തെ ജനങ്ങള്‍ക്ക് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാമെന്നും കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക