എറണാകുളം ജില്ലയിലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതിനെ തുടർന്നുണ്ടായ വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്കൂളിലുണ്ടായ സംഭവം അത്യന്തം നിർഭാഗ്യകരമാണെന്നും കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

“നിയമം അനുസരിച്ച്‌ വരികയാണെങ്കില്‍ എന്നാണ് പ്രധാനാധ്യാപിക പറഞ്ഞത്, എന്ത് നിയമമാണത്? കുട്ടിയുടെ തലയില്‍ അധ്യാപികയുടേത് പോലെ തന്നെയുള്ള ഒരു മുഴം തുണി മറ്റു കുട്ടികളെ ഭയപ്പെടുത്തുമെന്നും നിയമവിരുദ്ധമാണെന്നും പറഞ്ഞ് ഒരു കുട്ടിയുടെ വിദ്യാഭ്യാസം മുടങ്ങിയത് നിർഭാഗ്യകരമായ സംഭവമാണ്. പൊതു സമൂഹം ഇതിനെ നിരുത്സാഹപ്പെടുത്തേണ്ടതാണ്,” എന്ന് കുഞ്ഞാലിക്കുട്ടി വീഡിയോയില്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പള്ളുരുത്തി സ്കൂളിൽ ഉണ്ടായ പ്രശ്നത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ

Posted by PK Kunhalikutty on Friday, October 17, 2025

ലാറ്റിൻ കത്തോലിക്കാ സഭയുടെ കീഴിലുള്ള സിബിഎസ്‌ഇ അഫിലിയേറ്റഡ് സ്കൂളായ സെന്റ് റീത്താസ് പബ്ലിക് സ്കൂളില്‍ ഈ അധ്യയന വർഷം ചേർന്ന മുസ്‌ലിം വിദ്യാർഥിനി നാല് മാസത്തോളം യൂണിഫോം പാലിച്ചിരുന്നുവെങ്കിലും ഒക്ടോബർ 7 മുതല്‍ ഹിജാബ് ധരിച്ചെത്തിയതോടെയാണ് വിവാദമുണ്ടായത്.ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം അവസാനിപ്പിക്കുകയാണെന്ന് ഇന്ന് രാവിലെയാണ് പിതാവ് വ്യക്തമാക്കിയത്. ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണത്തിന് പുറമേ ഫേസ് ബുക്ക് വഴിയും അദ്ദേഹം തന്റെ നിലപാട് അറിയിച്ചു.സ്‌കൂള്‍ അധികൃതരുടെ നിലപാടും പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിഷയം വർഗീയവത്ക്കരിക്കാൻ ശ്രമിച്ചതും മകള്‍ക്ക് കടുത്ത മാലസിക സംഘർഷമുണ്ടായിക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തില്‍ ഉണ്ടാകരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പേടിയും പനിയും വന്ന് മകള്‍ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച്‌ സ്‌കൂളില്‍ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ഉന്നയിച്ചപ്പോള്‍ സ്‌കൂള്‍ അധികൃതർ നിരസിക്കുകയായിരുന്നു.ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുള്‍പ്പെടെ താൻ പരാതി നല്‍കുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകള്‍ക്ക് ഹിജാബ് ധരിച്ച്‌ പോകാൻ മാനേജ്മെന്റ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിരോവസ്ത്ര വിവാദത്തില്‍ ഇരായായ കുട്ടി പഠനം നിർത്തിപ്പോയാല്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചുമോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ? ഒരു കുട്ടിയുടെ പ്രശ്നം ആണെങ്കിലും സംരക്ഷണം നല്‍കുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സ്കൂളുകളിലെ വിദ്യാർഥികളെ ഹിന്ദു-മുസ്‌ലിം എന്ന് മതാടിസ്ഥാനത്തില്‍ വേർതിരിച്ച്‌ പരാമർശിച്ച സ്കൂളിന്റെ അഭിഭാഷകക്ക് കേരള ഹൈക്കോടതിയുടെ താക്കീത് നല്‍കി. ശിരോവസ്ത്ര വിലക്കുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷക വിദ്യാർഥികളെ മതാടിസ്ഥാനത്തില്‍ വേർതിരിച്ച്‌ പരാമർശം നടത്തിയത്. അഭിഭാഷക വിമല ബേബിക്കാണ് ജസ്റ്റിസ് വി.ജി അരുണ്‍ താക്കീത് നല്കിയത്.സ്കൂളില്‍ ഹിന്ദു- മുസ്‌ലിം എന്ന തരത്തില്‍ കുട്ടികളെ വേർതിരിച്ച്‌ കാണുന്നത് എന്തിനാണ് എന്നും, മതം തിരിച്ച്‌ പറയേണ്ടതില്ലെന്നും സ്കൂളില്‍ വിദ്യാർഥികള്‍ മാത്രമാണ് ഉള്ളതെന്നും ജസ്റ്റിസ് വി.ജി അരുണ്‍ അഭിപ്രായപ്പെട്ടു. അതേസമയം ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന എഇഒ / ഡിഡിഇയുടെ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്‌കൂളിന്റെ ഹരജിയില്‍ സർക്കാരിനോട് കോടതി വിശദീകരണം തേടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക