ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍നിന്ന് 16 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ വീട്ടുടമയുടെ കൊച്ചുമകൻ അറസ്റ്റില്‍.
സൂര്യനെല്ലി സ്വദേശി സതീശിനെ (34) യാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്.
സൗത്ത് ഇന്ത്യൻ ബാങ്ക് ചിന്നക്കനാല്‍ ശാഖ അസിസ്റ്റന്റ് മാനേജർ ജിതിൻ ഷാജിയുടെ വീട്ടില്‍നിന്നാണ് സ്വർണം മോഷ്ടിച്ചത്. ഒരുമാസം മുൻപ് ജിതിന്റെ ഭാര്യ പഠനാവശ്യത്തിനായി മുനിയറയിലെ കുടുംബവീട്ടിലേക്ക് പോയി. അതിനുശേഷം ജിതിൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ബാങ്കിലേക്ക് പോകുന്ന ജിതിൻ വൈകീട്ടാണ് മടങ്ങിയെത്തുക. പകല്‍ വീട്ടുടമയുടെ മകളുടെ മകനായ സതീശ് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുകള്‍നിലയില്‍ ജിതിൻ താമസിക്കുന്ന വീട് തുറന്ന് അകത്തുകയറി. അലമാരയില്‍നിന്ന് സ്വർണം മോഷ്ടിച്ചു. കഴിഞ്ഞ ഞായറാഴ്ച ജിതിന്റെ ഭാര്യ മടങ്ങിയെത്തിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പരാതിയെത്തുടർന്ന് ശാന്തൻപാറ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ സതീശ് തിരുനെല്‍വേലിയിലെ ഭാര്യവീട്ടിലേക്ക് പോയി. തുടർന്ന് പോലീസ്സംഘം തിരുനെല്‍വേലിയിലെത്തി പ്രതിയെ പിടികൂടി.

















