ജനങ്ങളോടുള്ള പല ഉത്തരവാദിത്വങ്ങളും നിർവഹിക്കുവാൻ നിർവാഹം ഇല്ലാത്ത പാലാ നഗരസഭയിലെ ഭരണാധികാരികൾക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുവാനാണ് താൽപര്യം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭ ചെയർമാന് വേണ്ടി ഒരു പേഴ്സണൽ സ്റ്റാഫ് അംഗത്തെ നിയമിക്കുവാൻ അനുവാദം ഉണ്ടെങ്കിലും പാലാ നഗരസഭയിൽ ഇത്തരം ഒരു തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ല. എന്നാൽ ഭരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പരമാവധി കടുംവെട്ട് നടത്തുക എന്ന ഉദ്ദേശത്തോടെ ഇത്തരം ഒരു നീക്കത്തിനാണ് നഗരസഭ മുതിരുന്നത്.

നഗരസഭ അധ്യക്ഷന്റെ പി എ തസ്തികയിലേക്ക് ഒരു യുവതിയെ നിയമിക്കുവാനുള്ള ചെയർമാന്റെ ശുപാർശ കത്താണ് ഇപ്പോൾ നഗരസഭ കൗൺസിൽ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തുന്നത്. ഇരുപതിനായിരത്തിലധികം രൂപയാണ് ഇവർക്ക് ശമ്പളമായി നൽകേണ്ടത് എന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. നിയമിക്കപ്പെടുന്ന ആളുടെ വിദ്യാഭ്യാസ യോഗ്യതയോ, പ്രവർത്തി പരിചയമോ ഒന്നും കത്തിൽ വ്യക്തമല്ല. മറ്റൊരു ഗൗരവതരമായ വിഷയം ഈ ഉദ്യോഗാർത്ഥിയുടെ തെരഞ്ഞെടുപ്പ് എങ്ങനെ നടന്നുവെന്നോ, നിയമനത്തിനായി അഭിമുഖങ്ങൾ നടത്തി അപേക്ഷകൾ ക്ഷണിച്ചിരുന്നോ എന്നും മറ്റുമുള്ള കാര്യങ്ങളും കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാലാ നഗരസഭ കടന്നുപോകുന്നത്. വികസന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും ഒട്ടുമുക്കാലും മുടങ്ങിക്കിടക്കുകയാണ്. അഞ്ചു കോടിയോളം രൂപയാണ് നഗരസഭ കേരള വാട്ടർ അതോറിറ്റിക്ക് കുടിശ്ശിക ഇനത്തിൽ കൊടുക്കാനുള്ളത്. മുനിസിപ്പൻ ഷോപ്പിങ് കോംപ്ലക്സിലെ കടമുറികൾ ഒഴിഞ്ഞ ആളുകൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ഇനത്തിൽ നൽകാൻ ഉള്ളത് രണ്ട് കോടിയിലധികം രൂപയാണ്. ശമ്പളം ഉൾപ്പെടെയുള്ള ദൈനംദിന ചിലവുകൾക്കും മുനിസിപ്പാലിറ്റി പണം കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ യാഥാർത്ഥ്യങ്ങളെല്ലാം അവഗണിച്ചുകൊണ്ടാണ് അധിക തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള നഗരസഭയുടെ ധൂർത്ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക