ആലപ്പുഴ നഗരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറിയ നാലുപേർ അറസ്റ്റില്‍. ആലപ്പുഴ പൊലീസ് നടപ്പിലാക്കുന്ന ‘ഡെക്കോയ്’ ഓപ്പറേഷനിലൂടെയാണ് വനിതാ പൊലീസുകാർ നാലുപേരെയും പിടികൂടിയത്.
പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ പി.ടി.ലിജിമോളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.
ആലപ്പുഴ ബോട്ട് ജെട്ടി മുതല്‍ കെ.എസ്.ആർ.ടി.സി വരെയുള്ള പ്രദേശം സാമൂഹ്യവിരുദ്ധശല്യം കൂടുതലാണ്. ലൈംഗികതൊഴിലാളികള്‍ താവളമാക്കിയിരിക്കുന്ന ഈ പ്രദേശത്ത് ധാരാളം സ്ത്രീകള്‍ ശല്യം ചെയ്യപ്പെടാറുണ്ടെങ്കിലും പരാതിപ്പെടുന്നവരുടെ എണ്ണം കുറവാണ്. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം വനിതാ പൊലീസ് ഡെക്കോയ് ഓപ്പറേഷന് രൂപംകൊടുത്തത്.
വനിതാ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥകള്‍ വേഷം മാറി യാത്രക്കാർക്കിടയില്‍ നിന്നാണ് ആദ്യഘട്ട നിരീക്ഷണവും പരിശോധനയും നടത്തിയത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ സാധാരണവേഷത്തില്‍ നില്‍ക്കുകയായിരുന്ന വനിതാപൊലീസിനോട് പുരുഷന്മാരെത്തി മോശമായി പെരുമാറുകയായിരുന്നു. ഇവർക്കെതിരെ പൊതുശല്യത്തിന് കേസെടുത്തു.

















