കോണ്‍ഗ്രസ്സ് സൈബർ ഗ്രൂപ്പുകളില്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി.സരിനെതിരെ അണ്‍ഫോളോ ക്യാമ്ബയിൻ. സരിന്റെ ഫോളോവേഴ്സില്‍ ഏറിയപങ്കും യു.ഡി.എഫുകാരെന്ന കോണ്‍ഗ്രസ് വിലയിരുത്തലില്‍ ഇന്ന് മുതലാണ് അനൗദ്യോഗിക ക്യാമ്ബയിൻ ആരംഭിച്ചത്.
സരിന് സൈബറിടത്തില്‍ ശ്രദ്ധ കിട്ടുന്നത് കോണ്‍ഗ്രസുകാർ വഴിയെന്നും വിലയിരുത്തുന്നു. നെഗറ്റീവ് പബ്ലിസിറ്റി അവസാനിപ്പിക്കാനും നിർദേശം നല്‍കി. കോണ്‍ഗ്രസിന്റെ മുൻ ഡിജിറ്റല്‍ മീഡിയ വിംഗ് കണ്‍വീനർ ആയിരുന്നു പി.സരിൻ.
എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് തീയതി മാറ്റിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഇടത് സ്വതന്ത്രന്‍ ഡോ.പി.സരിന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് മാറ്റിയതിന് പിന്നില്‍ ഗൂഢാലേചന സംശയിക്കുന്നു. തങ്ങളാണ് ഉപതെരഞ്ഞെടുപ്പ് മാറ്റിച്ചത് എന്ന് കല്‍പാത്തിയില്‍ ബിജെപിക്ക് പ്രചാരണം നടത്താനാണ് ഇത്ര വൈകി പ്രഖ്യാപനം നടത്തിയതെന്നും സരിന്‍ കുറ്റപ്പെടുത്തി.
ബിജെപിയിലെ അതൃപ്തി തനിക്ക് ഗുണമാകും. സന്ദീപ് വാര്യര്‍ സ്വന്തം മനസാക്ഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ അഭിപ്രായ പ്രകടനമെങ്കില്‍ നല്ലതാണ്. സന്ദീപുമായി സിപിഐഎം ചര്‍ച്ച നടത്തി എന്ന വാര്‍ത്ത അവാസ്തവമാകാനാണ് സാധ്യതയെന്നും സരിന്‍ പാലക്കാട് പ്രതികരിച്ചു.

















