ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാലാ സെന്റ് തോമസ് കോളേജിൽ എസ്എഫ്ഐയുടെ കുത്തക തകർത്ത കെഎസ്‌യു സമ്പൂർണ്ണ വിജയം നേടുന്നത്. ആകെ വോട്ടുകളുടെ മൂന്നിൽ രണ്ടും നേടിയാണ് കെഎസ്‌യു പ്രതിനിധികൾ വിജയിച്ചു കയറിയത്. കോളേജ് സ്ഥാപിതമായതിന്റെ 75 വർഷ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുമ്പോൾ യൂണിയൻ ഭരണം നേടാൻ ആയത് കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനകൾക്ക് വലിയ നേട്ടമാകും.
ഇപ്പോഴിതാ കെഎസ്‌യു പ്രതിനിധികളായി തെരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾ പാലാ എംഎൽഎ മാണി സി കാപ്പനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. എംഎൽഎയെ കണ്ട് അനുഗ്രഹം വാങ്ങാനും അദ്ദേഹത്തിൻറെ വിലപ്പെട്ട ഉപദേശങ്ങൾ സ്വീകരിക്കാനും ആണ് തങ്ങൾ എത്തിയതെന്ന് യൂണിയൻ ചെയർമാൻ ആൽബർട്ട് ടോം ജോഷി, ജനറൽ സെക്രട്ടറി ജെറി ജിജി ഡൊമിനിക് എന്നിവർ പ്രതികരിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിപിൻ രാജ്, കെഎസ്‌യു ജില്ലാ ഉപാധ്യക്ഷൻ അർജുൻ സാബു, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് നിബിൻ ടി ജോസ് എന്നിവർക്കൊപ്പം എത്തിയാണ് വിദ്യാർത്ഥി നേതാക്കൾ എംഎൽഎയെ സന്ദർശിച്ചത്.
ഏറെ ഹൃദ്യമായ കൂടിക്കാഴ്ച എന്നായിരുന്നു എംഎൽഎയുടെ പ്രതികരണം. വിദ്യാർത്ഥി നേതാക്കളെ ഉപദേശിക്കുക എന്നതിനപ്പുറം ഈ കാലഘട്ടത്തിലെ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് അവരോട് ചോദിച്ചറിയുവാൻ സാധിച്ചു എന്നും അവരുടെ ആശയ കൃത്യതയും വ്യക്തതയും തന്നെ അതിശയിപ്പിച്ചു എന്നും അദ്ദേഹം പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.

















