തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിസവങ്ങള്‍ കഴിഞ്ഞാലും കോണ്‍ഗ്രസ് സാധാരണ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാറില്ല.
ഗ്രൂപ്പുപോരും തമ്മിലടിയുമൊക്കെയായിരിക്കും കാരണം. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അല്പസമയം കഴിഞ്ഞപ്പോള്‍ തന്നെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും വന്നു. വിജയിച്ചുകയറാൻ എല്ലാം നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നുവ്യക്തം.
പക്ഷേ, ഈ മുന്നേറ്റത്തിന് അപ്രതീക്ഷിത തിരിച്ചടിയായി കോണ്‍ഗ്രസ് നേതാവ് പി സരിന്റെ രംഗപ്രവേശം. അവസാന നിമിഷം വരെ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സരിൻ, മറ്റൊരു ജില്ലക്കാരനായ രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയായതോടെയാണ് പരസ്യമായി രംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ്, അതിലുപരി പാലക്കാട് ജില്ലക്കാരൻ എന്നതും തനിക്ക് ബോണസ് മാർക്കാവുമെന്ന് സരിൻ കരുതിയിരിക്കണം. എന്നാല്‍ പാർട്ടി നേതൃത്വം ഇതൊന്നും പരിഗണിച്ചില്ല. അവർ പരിഗണിച്ചത് ജയസാദ്ധ്യതമാത്രം.
പഴയ കോണ്‍ഗ്രസല്ല
ഒരാളെ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയായി കൊണ്ടുവരുമ്ബോള്‍ ജയസാദ്ധ്യത തന്നെയാണ് ഓരോ പാർട്ടിയും പരിഗണിക്കുന്നത്. കോണ്‍ഗ്രസും അതുമാത്രമാണ് നോക്കിയതെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. എഐസിസിയുടെ നേതൃത്വത്തില്‍ പാലക്കാട് മണ്ഡലത്തിലെ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താൻ സർവേ നടത്തിയിരുന്നു. ഇതില്‍ രാഹുലിനായിരുന്നു മുൻതൂക്കം.
യുവജനങ്ങള്‍ക്കിടയില്‍ രാഹുലിനുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ എത്തിയതുമുതല്‍ സംഘടനയ്ക്ക് പുത്തൻ ഉണർവുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. സർക്കാരിനെതിരെ നിരവധി സമര പരിപാടികള്‍ക്കാണ് യൂത്ത്കോണ്‍ഗ്രസ് നേതൃത്വം നല്‍കിയത്. അതില്‍ ഒട്ടുമുക്കാലും വൻ വിജയമാവുകയും ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിന്റെ ഭാഗമായി രാഹുലിനെ രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനമാണ് കേരളത്തില്‍ നിന്നുയർന്നത്. പൊലീസ് രാഹുലിനെ കരുത്തുറ്റ നേതാവാക്കി എന്ന് സിപിഎം അണികള്‍ പോലും കുറ്റപ്പെടുത്തി.
സമരപോരാട്ടങ്ങള്‍ക്കൊപ്പം ചാനല്‍ ചർച്ചകളിലും സോഷ്യല്‍ മീഡിയയിലും കോണ്‍ഗ്രസിന്റെ മുഖമാകാനും രാഹുലിന് കഴിഞ്ഞു. ചർച്ചകളില്‍ കൃത്യമായ മറുപടികള്‍ നല്‍കിയാണ് എതിരാളികളുടെ വായടപ്പിച്ചത്.
ഈ അനുകൂല ഘടകങ്ങള്‍ക്കൊപ്പം പാലക്കാട്ടെ എംഎല്‍എയായിരുന്ന ഷാഫി പറമ്ബിലിന്റെയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും ഉറച്ച പിന്തുണയും രാഹുലിന് കരുത്തേകുന്നുണ്ട്. ഭരണവിരുദ്ധവികാരം, ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് പ്രശ്നം തുടങ്ങി അനുകൂലമായ നിരവധി ഘടകങ്ങള്‍ ഉളളപ്പോള്‍ ഒരു സിറ്റിംഗ് സീറ്റ് കൈവിടുക എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്താേളം ആലോചിക്കാൻ പോലുമാകാത്തതതാണ്. സിപിഎമ്മും ബിജെപിയും ശക്തമായ വെല്ലുവിളില്‍ ഉയർത്തുന്ന മണ്ഡലമാണ് പാലക്കാട്.

















