ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ എ തുളസിയെ പരിഗണിക്കും. വി കെ ശ്രീകണ്ഠന്റെ ഭാര്യയാണ്. 2016 ല്‍ യു ആർ പ്രദീപിനെതിരെ കെ എ തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മണ്ഡലത്തില്‍ സുപരിചിതമായ മുഖം എന്ന നിലയിലാണ് രമ്യാ ഹരിദാസിനെ പകരമായി തുളസിയെ പരിഗണിക്കുന്നത്.
രമ്യാ ഹരിദാസിന് പുറമേ തൃശൂർ ഡിസിസി ജനറല്‍ സെക്രട്ടറി കെ.വി ദാസൻ്റെ പേരും പരിഗണനയിലുണ്ട്. പരിചയസമ്ബന്നനായ നേതാവ് ചേലക്കരയില്‍ ഇറങ്ങണമെന്ന ആവശ്യമാണ് കെ വി ദാസന്റെ പേരിന് പിന്നില്‍. അതേസമയം കെ മുരളീധരൻ, രാഹുല്‍ മാങ്കൂട്ടത്തില്‍, ഡോ. പി സരിൻ എന്നിവരാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്.
പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളെ സി.പി.ഐ.എം പരിഗണിക്കുന്നുണ്ട്. ഡി.വൈ.എ.ഫ് നേതാവ് സഫ്ദർ ഷെരീഫും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം.ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്ബേ പ്രചരണം തുടങ്ങാനാണ് സിപിഐഎം തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നേറ്റം ഉണ്ടാക്കാനാണ് ശ്രമം.
ചേലക്കരയില്‍ ടി എൻ സരസു, കെ ബാലകൃഷ്ണൻ എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. ശക്തനായ സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കാനാണ് ബിജെപി കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം. പാലക്കാട് സി കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരാണ് പരിഗണനയില്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മുന്നിലെത്തിയ ബിജെപി വലിയ പ്രതീക്ഷയിലാണ്.

















