യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിംലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അത്. ആരും ഈ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളില്‍ സിപിഎം എന്തു ചെയ്‌തെന്നും പ്രതിപക്ഷ നേതാവ ചോദിച്ചു.

‘യു. പ്രതിഭയ്‌ക്കെതിരേ ഉണ്ടായത് അധിക്ഷേപകരമായ പരാമര്‍ശമാണ്. ഒരു രാഷ്ട്രീയ നേതാവ്, ഒരു വനിതാ നേതാവിനെക്കുറിച്ചോ പ്രവര്‍ത്തകയെക്കുറിച്ചോ വനിതയെക്കുറിച്ചോ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. അതറിഞ്ഞ് മണിക്കൂറുകള്‍ക്കകം അയാളെ മുസ്ലിം ലീഗ് പുറത്താക്കി. ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. അയാള്‍ ചെയ്തത് തെറ്റാണ്. ആരും അതിനെ പിന്തുണച്ചില്ല. ഭാഷയുടെ കുഴപ്പമാണ്, അടര്‍ത്തിമാറ്റിയതാണ് എന്ന് ഒരാള്‍ പോലും പറഞ്ഞില്ല. എല്ലാവരും ശക്തിയായി അതിനെ അപലപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍നിന്നും അയാളെ പുറത്താക്കി. എന്നാല്‍, രമ്യാ ഹരിദാസിനെതിരായി അശ്ലീലപരാമര്‍ശം നടത്തിയ എ. വിജയരാഘവനെതിരേ സിപിഎം എന്ത് നടപടിയെടുത്തു. കെ.കെ. രമയ്‌ക്കെതിരെ, വീണാ എസ്. നായര്‍ക്കെതിരേ, ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരേ എത്ര അധിക്ഷേപകരമായ പരാമര്‍ശമാണ് സിപിഎം നടത്തിയത്. ഒരു നടപടിയും ഉണ്ടായില്ല. സെക്രട്ടേറിയറ്റിലെ സിപിഎം നേതാവിനെതിരേ പരാതി കൊടുത്തിട്ട്, നടപടിയെടുക്കാന്‍ നിര്‍വ്വാഹമില്ലെന്നുകാട്ടി നല്‍കിയ മറുപടി എന്റെ ഓഫീസില്‍ ഉണ്ട്. കൂടുതല്‍ പറയിപ്പിക്കരുതെന്നും സതീശന്‍ പറഞ്ഞു.

ആര്‍ഷോ എന്ന എസ്‌എഫ്‌ഐ നേതാവ് പരീക്ഷ എഴുതാതെ ജയിച്ചെന്ന് റിസള്‍ട്ട് വന്നപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ എന്താണ്, വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപകരമായ, അശ്ലീലകരമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു. എന്നാല്‍ ഞങ്ങള്‍ അങ്ങനെയല്ല, മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ നടപടിയെടുത്തു, സതീശന്‍ ചൂണ്ടിക്കാട്ടി.

പാലക്കാട് എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതിജീവിതകള്‍ക്കെതിരായി പോസ്റ്റുകള്‍ വന്നപ്പോള്‍ മുന്നറിയിപ്പ് നല്‍കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. അതിജീവിതകള്‍ക്കെതിരായി എന്തെങ്കിലും ആവശ്യമില്ലാത്ത പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ കൊടുത്താല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് പറഞ്ഞത് ഞങ്ങളാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്ന ഇരട്ടത്താപ്പല്ല. ഒരു വിട്ടുവീഴ്ചയും അതിനകത്ത് ഉണ്ടാകില്ല, വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ രൂക്ഷ ഭാഷയില്‍ വി.ഡി. സതീശന്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയേയും സുഖമില്ലാത്ത സോണിയാ ഗാന്ധിയേയും 55 മണിക്കൂറാണ് ചോദ്യംചെയ്തത്. പറയുമ്പോള്‍ സൂക്ഷിച്ചു പറയണം. നിങ്ങള്‍ ആയിക്കോ, അവരുടെ നല്ലപുസ്തകത്തില്‍ കേറി കേസില്‍നിന്ന് തലയൂരാന്‍ നിങ്ങള്‍ നോക്കിക്കോ. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ നേരെ വേണ്ട. അത് രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ അറിയുന്ന കാര്യമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കണ്ടാലും കൊണ്ടാലും പഠിക്കാത്തയാളാണെന്നും ബിജെപിയുടെ ബി ടീം ആയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക