ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഒരു ഡോളറിന് 84.13 ഇന്ത്യൻ രൂപ എന്നതാണ് ഇന്നത്തെ എക്സേഞ്ച് റേറ്റ്. കഴിഞ്ഞ സെപ്റ്റംബർ 12ന് രേഖപ്പെടുത്തിയ ഡോളറിന് 83.98 രൂപ എന്ന റെക്കോഡ് തകർച്ചയാണ് ഇന്ത്യൻ രൂപ ഇപ്പോള്‍ മറികടന്നിരിക്കുന്നത്. രൂപയുടെ മൂല്യതകർച്ച തടയാൻ റിസർവ് ബാങ്ക് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് രൂപ കൂപ്പുകുത്തിയത്.

കരുതല്‍ വിദേശനാണ്യ ശേഖരത്തില്‍നിന്ന് വൻതോതില്‍ ഡോളർ വിറ്റഴിച്ച്‌ രൂപയുടെ മൂല്യത്തകർച്ച തടയാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകർ ചൈനയിലേക്ക് ചുവടുമാറ്റിത്തുടങ്ങിയത് ഇന്ത്യക്ക് വെല്ലുവിളിയായി. ആഭ്യന്തര സമ്ബദ്‍വ്യവസ്ഥയുടെ കരകയറ്റത്തിനായി ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ക്ക് പിന്നാലെ ഇന്ത്യവിട്ട് വിദേശ നിക്ഷേപകർ ചൈനയിലേക്ക് ചേക്കേറുകയാണ്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം വൻതോതില്‍ പിൻവലിക്കപ്പെടുന്നത് രൂപക്ക് തിരിച്ചടിയാകുകയാണ്. ഒരിടവേളയ്ക്കു ശേഷം ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളർ നിരക്കിലേക്ക് ഉയർന്നതും രൂപക്ക് തിരിച്ചടിയായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രൂപയുടെ മൂല്യത്തകർച്ച ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. ഇറക്കുമതിച്ചെലവ് കൂടുന്നത് ആഭ്യന്തര ഇന്ധനവിലകളും അവശ്യവസ്തു വിലകളും പണപ്പെരുപ്പവും കൂടാനിടയാക്കും. സ്വർണം, ഇലക്‌ട്രോണിക്സ് തുടങ്ങിയ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കെല്ലാം വില ഉയരും. വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവയും വർധിക്കും. അതേസമയം, കയറ്റുമതിയിലൂടെ വരുമാനം നേടുന്നവർക്ക് ഡോളർ കരുത്താർജിക്കുന്നതാണ് നേട്ടം. യുഎസിലും ഗള്‍ഫ് നാടുകളിലും ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർക്കും രൂപയുടെ തകർച്ച നേട്ടമാണ്. ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസിപ്പണമൊഴുകാൻ ഇത് സഹായിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക