ഭരണമുണ്ടെങ്കിൽ എന്ത് മര്യാദകേടും കാട്ടാം എന്ന നിലയിലാണ് കേരളത്തിൽ സിപിഎം. പാർട്ടി സമ്മേളനങ്ങൾ ആഘോഷപൂർവ്വം നടത്താനായി ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്. അതുപോലെതന്നെയാണ് പൊതുനിരത്തുകൾ കയ്യേറി പാർട്ടി സമ്മേളനത്തിന്റെ അലങ്കാര പണികൾ നടത്തുന്നതും സമ്മേളനകാലത്ത് ഒരു സ്ഥിരം കാഴ്ചയാണ്.
കൊച്ചി നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കാത്തതിനെതിരെ സർക്കാരിനും, കോർപ്പറേഷനും എതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയത് ദിവസങ്ങൾ മുമ്പാണ്. ഹൈക്കോടതി വിമർശനത്തിനുപോലും പുല്ലുവിലയാണ് സിപിഎമ്മും ഭരണകൂടവും നൽകുന്നത്. സമാനമായ ഒരു സംഭവമാണ് ഇപ്പോൾ പാലായിലും ഉണ്ടായിരിക്കുന്നത്. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറുമായിരുന്ന ആർ വി തോമസിന്റെ സ്മാരകത്തോടാണ് സിപിഎം അനാദരവ് കാട്ടിയിരിക്കുന്നത്.
പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ ഉള്ള ആർ വി സ്ക്വയർ എന്ന ആർ വി സ്മാരകത്തെ തോരണം കെട്ടി പൂർണമായും മറച്ചു കൊണ്ടാണ് സിപിഎം സമ്മേളനത്തിനുള്ള അലങ്കാര പണികൾ നടത്തിയിരിക്കുന്നത്. പല സംഘടനകളും തങ്ങളുടെ പരിപാടികൾ നടക്കുമ്പോൾ സ്മാരകത്തോട് ചേർന്ന് അലങ്കാര പണികൾ നടത്താറുണ്ടെങ്കിലും സ്മാരകം പൂർണമായും കെട്ടി മറച്ചു കൊണ്ട് ഒരു അലങ്കാരം ആദ്യ സംഭവമാണ്. നടപടിയെടുക്കേണ്ട മുനിസിപ്പൽ അധികൃതരും ഈ അനധികൃത അലങ്കാരങ്ങൾക്കെതിരെ മൗനം പാലിക്കുകയാണ്.

കെട്ടി മറയ്ക്കുമോ കെഎം മാണി പ്രതിമ?
ആർ വി തോമസ് സ്മാരകത്തോടും സിപിഎം ഏരിയ കമ്മിറ്റി ഓഫീസിനോടും ചേർന്നിരിക്കുന്ന കെഎം മാണി പൂർണമായ പ്രതിമയോടും സിപിഎം ഈ കടന്നുകയറ്റം കാണിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക് എങ്കിൽ കെഎം മാണിയുടെ പ്രതിമയെയും ചുവന്ന തോരണവും, അരിവാൾ ചുറ്റിക ചിഹ്നവും വെച്ച് അലങ്കരിക്കുന്ന കാലവും വിദൂരമാവില്ല എന്നും വിലയിരുത്താവുന്നതാണ്.

















