കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലായിലെത്തുന്നു. ഈ മാസം 9 ന് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പാലായിലെത്തും. മന്ത്രിയായ ശേഷം ആദ്യ സന്ദർശനം ആണിത്.പാലാ അൽഫോൻസാ കോളജിൻ്റെ ഡയമണ്ട് ജൂബിലി സമാപന സമ്മേളനം , മാർ ശ്ലീബാ ആശുപത്രിയിലെ കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയവർക്കൊപ്പമുള്ള ചടങ്ങ് , അരുവിത്തുറ പള്ളിയിലെ എണ്ണ സമർപ്പണമടക്കമുള്ള നേർച്ചയർപ്പിക്കൽ തുടങ്ങിയവയാണ് പ്രധാന പ്രോഗ്രാമുകൾ.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായുള്ള കൂടിക്കാഴ്ചയും പ്രാധാന്യമർഹിക്കുന്നു. ഉച്ചയൂണും പിതാവിനൊപ്പമാണ്. പാലാ ബിഷപ്പുമായി ഹൃദയബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് സുരേഷ് ഗോപി. തിരഞ്ഞെടുപ്പുവിന് തൊട്ടുമുൻപും അദ്ദേഹം പാലായിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൗ ജിഹാദ് പരാമർശത്തിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിനെതിരെ സംസ്ഥാന സർക്കാർ കേസെടുത്ത സന്ദർഭത്തിലും സുരേഷ് ഗോപി നേരിട്ട് എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും ശ്രദ്ധയാകർഷിക്കാൻ സാധ്യതയുള്ള മറ്റൊന്ന് പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേൽ വീട്ടിലെത്തി കുറുവച്ചനെ സന്ദർശിക്കുന്ന കാര്യമാണ്. ആദ്യമായാണ് കുറുവച്ചനും സുരേഷ് ഗോപിയും നേരിൽ കാണുന്നത്. കുറുവച്ചന്റെ ജീവിത പോരാട്ടങ്ങളെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മുൻപ് പൃഥ്വിരാജ് നായകനായി എത്തിയ കടുവ എന്ന ചിത്രവും കുറുവച്ചന്റെ ജീവിതകഥ പറഞ്ഞ സിനിമയാണ്.

















