എംപി ഫണ്ട് ദുരുപയോഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പാലക്കാട് എംപിയായിരിക്കെയാണ് ഫണ്ട് ദുരുപയോഗം ചെയ്തത്.
2019-ലാണ് കൊപ്പത്ത് വായനശാല നിർമാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചത്. ഇത് ഉപയോഗിച്ച് നിർമാണവും പൂർത്തിയാക്കി. നഗരസഭയുടെ അനുമതിയില്ലാതെയായിരുന്നു എംപി ഫണ്ട് ഉപയോഗിച്ച് വായനശാലയുടെ നിർമാണം. ഒരു നിലയുടെ പണി മാത്രമായിരുന്നു കഴിഞ്ഞിരുന്നത്.
എന്നാല്‍ ഈ വായനശാല ഇന്ന് പാർട്ടി ഓഫീസാണ്. അടുത്തിടെയാണ് രണ്ടാം നിലയുടെ നിർമാണം നടന്നത്. ഇതിനും നഗരശഭ അനുമതി ലഭിച്ചിട്ടില്ല. താഴെത്തെ നിലയില്‍ കൃഷ്ണ സ്മാരക കൊപ്പം പൗരസംഘം വായനശാലയും മുകളില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസുമാണ്. എംപി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടം സർക്കാരിൻ്റേതാണെന്നാണ് നിയമം. ഇത്തരം കെട്ടിടങ്ങളില്‍ നവീകരണം പോലും നടത്തണമെങ്കില്‍ കളക്ടറുടെ അനുമതി വേണം. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് സിപിഎം ഓഫീസ് കെട്ടിടം പടുത്തുയർത്തിയിരിക്കുന്നത്.
എംപി ഫണ്ട് ഉപയോഗിച്ച് നിർമിച്ചവ വില്‍ക്കാനോ വാടകയ്‌ക്ക് കൊടുക്കാനോ രാഷ്‌ട്രീയപാർട്ടികള്‍ക്ക് ഓഫീസായോ നല്‍കാൻ പാടില്ലെന്ന കരാറുണ്ട്. ലംഘിച്ചാല്‍ 18 ശതമാനം പലിശനിരക്കില്‍ പ്രസ്തുത തുക തിരിച്ചടയ്‌ക്കേണ്ടതാണ്. എംപി ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് ബിജെപി.

















