റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവില്‍ക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം.ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ കാലയളവില്‍ ബീന അനുഭവിച്ചത്. യുവതി തടവില്‍ കഴിയുന്ന വാർത്ത കഴിഞ്ഞ ദിവസം വന്നതിനു ശേഷം ആശ്രയം യുഎഇ ഭാരവാഹികളുടെ കൃത്യമായ ഇടപെടലുകളാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്.

വീസാ കാലാവധി കഴിഞ്ഞ ഇവരെ പൊതുമാപ്പിലൂടെ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചയക്കുമെന്ന് മോചനത്തിന് നേതൃത്വം നല്‍കിയ ആശ്രയം യുഎഇ പ്രസിഡന്റ് റഷീദ് കോട്ടയില്‍, എൻ.ഷംസുദ്ദീൻ എന്നിവർ അറിയിച്ചു. യുഎഇയിലെ കോതമംഗലം മൂവാറ്റുപ്പുഴ സ്വദേശികളായ ദീപു തങ്കപ്പൻ, അനുര മത്തായി എന്നിവരും അജാസും ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലെ മെഡിക്കല്‍ വെല്‍ഫയർ സന്നദ്ധ പ്രവർത്തകൻ പ്രവീണും ഇതിനായി പ്രവർത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമത്തില്‍ കണ്ട പരസ്യം വഴി കോട്ടയത്തെ ഒരു റിക്രൂട്ടിങ് ഏജൻസിയുമായി ബന്ധപ്പെട്ടതോടെയാണ് ബീനയുടെ കഷ്ടകാലം തുടങ്ങിയത്. ഇവരെ ടൂറിസ്റ്റ് വീസയില്‍ യുഎഇയിലേയ്ക്ക് പറഞ്ഞയച്ചത് ഏജൻസിയിലെ ആതിര എന്ന ജീവനക്കാരിയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് സെയില്‍സ് മാനായ മലപ്പുറം സ്വദേശി ഷംസു ബീനയെ കൂട്ടിക്കൊണ്ടുവന്ന് അജ്മാനിലെ റിക്രൂട്ടിങ് ഏജൻസിയായ ശ്രീലങ്കക്കാരനെ ഏല്‍പിക്കുകയായിരുന്നു. ഇതിന് ഇയാള്‍ പണം കൈപ്പറ്റുകയും ചെയ്തു. തുടർന്ന് അവർ ബീനയെ അജ്മാനിലെ സ്വദേശി വീട്ടില്‍ ജോലിക്ക് നിർത്തിയെങ്കിലും വൈകാതെ അവിടെ നിന്ന് പിരിച്ചുവിട്ടതോടെ, ഓഗസ്റ്റ് 14 മുതല്‍ അജ്മാനിലെ ശ്രീലങ്കക്കാരന്റെ തടങ്കലില്‍ കഴിയുകയായിരുന്നു.

രണ്ടര ലക്ഷം രൂപ തന്നാല്‍ മാത്രമേ ബീനയെ നാട്ടിലേയ്ക്ക് വിടുകയുള്ളൂ എന്നായിരുന്നു ശ്രീലങ്കക്കാരന്റെ നിലപാട്. ഇത് അവരെ ഏല്‍പിച്ച ഷംസു നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ അതിന് തയ്യാറായിരുന്നില്ല. തുടർന്ന് ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവക വികാരി ഫാ.കെ.വൈ. നിഥിനും ദുബായില്‍ ജോലി ചെയ്യുന്ന ബിനു മാത്യു വഴി വാർത്ത പുറത്തറിയിച്ചു. വാർത്ത വായിച്ച്‌ ബീനയുടെ നാട്ടുകാരായ ആശ്രയം യുഎഇ ഭാരവാഹികളും പ്രവീണും പ്രശ്നത്തില്‍ ഇടപെട്ടു. ആദ്യം ആവശ്യം നിരാകരിച്ചെങ്കിലും ഒടുവില്‍ ഷംസു പണം നല്‍കാൻ തയ്യാറായതോടെയാണ് ബീനയ്ക്ക് മോചനം ലഭിച്ചത്. റഷീദ് കോട്ടയിലിന്റെ നേതൃത്വത്തില്‍ ബീനയ്ക്ക് സംരക്ഷണവുമൊരുക്കി. ബീനയുടെ ഹൗസ് മെയ് ഡ് വീസാ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയായിരുന്നില്ല. ടൂറിസ്റ്റ് വീസാ കാലപരിധി കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ പാസ്പോർട് കൈവശമുള്ളതിനാല്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴയോ മറ്റോ ഇല്ലാതെ തിങ്കളാഴ്ച ഇവരെ നാട്ടിലേയ്ക്ക് തിരിച്ചയക്കാൻ സാധിക്കുമെന്ന് റഷീദ് കോട്ടയില്‍ പറഞ്ഞു.

കെട്ടുറപ്പുള്ളൊരു വീട്, വിദ്യാർഥികളായ മക്കളുടെ ഭാവി- ബീന രണ്ടര മാസം മുൻപ് സ്വപ്നച്ചിറകിലേറെ യുഎഇയിലേയ്ക്ക് പറക്കുമ്ബോള്‍ ഇതായിരുന്നു മനസിലുണ്ടായിരുന്നത്. അജ്മാനില്‍ സെയില്‍സ്മാനായ മലപ്പുറം സ്വദേശി ഷംസുവാണ് ഇവരെ ഇവിടേയ്ക്ക് കൊണ്ടുവരാൻ വഴിയൊരുക്കിയത്. അജ്മാൻ മത്സ്യ വിപണിയുടെ പരിസരത്തുള്ള സിറ്റി ലൈഫ് അല്‍ ഖോർ കെട്ടിടത്തിനടുത്ത് പ്രവർത്തിക്കുന്ന ശ്രീലങ്കക്കാരന്റെ റിക്രൂട്ടിങ് ഏജന്‍സി ഓഫിസ് ഷംസു വഴി കോതമംഗലത്തുകാരിക്ക് ടൂറിസ്റ്റ് വീസ അയച്ചുകൊടുക്കുകയായിരുന്നു.

താനിതിന് മുൻപും ഇതുപോലെ രണ്ടുമൂന്ന് പേർക്ക് ജോലി ശരിയാക്കി നല്‍കിയിട്ടുണ്ടെന്നും അവരെല്ലാം ഇപ്പോഴും യാതൊരു പ്രശ്നവുമില്ലാതെ വീട്ടുജോലി ചെയ്തു കഴിയുന്നു എന്നുമാണ് ഷംസു പറയുന്നത്. വീട്ടുജോലിക്കിടെ മുളക് പൊടി കൈകാര്യം ചെയ്യുമ്ബോള്‍ തുമ്മിയതിനാണ് തനിക്ക് സ്വദേശി ഭവനത്തില്‍ നിന്ന് ജോലി നഷ്ടമായതെന്ന് ബീന പറയുന്നു. ജോലികള്‍ കഠിനമായിരുന്നെങ്കിലും അവിടെ തന്നെ തുടരാനായിരുന്നു ആഗ്രഹം. മറ്റെവിടെയെങ്കിലും ജോലി ശരിയാക്കിത്തരണമെന്ന് അഭ്യർഥിച്ചെങ്കിലും ശ്രീലങ്കക്കാരൻ ചെവികൊണ്ടില്ല. യുഎഇയില്‍ നല്ലൊരു ജോലി കിട്ടിയാല്‍ നില്‍ക്കാനാണ് താത്പര്യം. ഭർത്താവിന് നാട്ടിലെ റബർ കമ്ബനിയില്‍ ഇടയ്ക്ക് മാത്രമേ ജോലിയുണ്ടാകാറുള്ളൂ. അതുകൊണ്ട് വീട്, മക്കളുടെ ഭാവി എന്നീ സ്വപ്നങ്ങള്‍ പൂവണിയിക്കാൻ ഇവിടെ തുടര്‍ന്നേ തീരൂ. ശ്രീലങ്കക്കാരൻ ശാരീരികമായി യാതൊരു ഉപദ്രവും ഏല്‍പിച്ചില്ലെങ്കിലും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചിരുന്നു. ശ്രീലങ്കൻ ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും ബീന പറഞ്ഞു.

യഥാർഥത്തില്‍ വീട്ടുജോലിയെക്കുറിച്ച്‌ വ്യക്തമായ ധാരണകളില്ലാതെ പ്രവാസ ലോകത്തെത്തുന്ന സ്ത്രീകളാണ് ഇത്തരം പ്രശ്നത്തില്‍പ്പെടുന്നതെന്നും അല്ലാത്തവര്‍ കൃത്യമായി ജോലി ചെയ്ത് ജീവിക്കുന്നതായും കോട്ടയത്തെ റിക്രൂട്ടിങ് ഏജൻസിക്കാർ പറയുന്നു. എല്ലാം പറഞ്ഞു മനസിലാക്കിയാണ് ബീനയെ പറഞ്ഞുവിട്ടതെന്നും കൂട്ടിച്ചേർത്തു. എന്നാല്‍ നാട്ടില്‍ നിന്ന് വിമാനം കയറ്റി അയച്ചാല്‍ ജോലി കഴിഞ്ഞു എന്ന നിലപാടാണ് ഇവരുടേത്.

ദുരിതത്തിലായ സ്ത്രീയുടെ ഭര്‍ത്താവ് കോതമംഗലം കുട്ടമ്ബുഴയിലെ വികാരി ഫാ. കെ.വൈ.നിഥിനെ പതിവായി കണ്ടുമുട്ടാറുണ്ട്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീ പിന്നീട് നാട്ടിലേയ്ക്ക് മടങ്ങുകയും മാസങ്ങള്‍ക്ക് ശേഷം യുഎഇയിലേയ്ക്ക് വീട്ടുജോലിക്കായി പുറപ്പെടുകയുമായിരുന്നു.

യുഎഇയിലേയ്ക്ക് പുറപ്പെടുംമുൻപ് പ്രാർഥിക്കാൻ വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോഴാണ് താനിക്കാര്യം അറിയുന്നതെന്ന് അച്ചൻ പറഞ്ഞു. പിന്നീട്, ഭാര്യ യുഎഇയിലെത്തിയെന്നും സ്വദേശി ഭവനത്തില്‍ ജോലി ലഭിച്ചെന്നുമൊക്കെ നിഥിനച്ചനെ അറിയിച്ചിരുന്നു. കോതമംഗലത്ത് നിന്ന് 20 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന കുട്ടമ്ബുഴയില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. ചെറുകിട ജോലികള്‍ ചെയ്താണ് മിക്കവരും ഉപജീവനം നടത്തുന്നത്. പ്രതിസന്ധിയിലായ സ്ത്രീയുടെ ഭർത്താവ് സ്ഥലത്തെ റബർ കമ്ബനിയിലെ ജോലിക്കാരനായിരുന്നു. എന്നാല്‍, ജോലി എപ്പോഴും ഉണ്ടാകണമെന്നില്ല. മൂന്ന് മക്കളാണ് ദമ്ബതിമാർക്കുള്ളത്. മൂത്ത മകള്‍ വിവാഹിതയായി. താഴെയുള്ള രണ്ടാണ്‍മക്കള്‍ വിദ്യാർഥികളാണ്. ഇവരുടെ ഭാവിക്കും കെട്ടുറപ്പുള്ള നല്ലൊരു വീട് നിർമിക്കണമെന്നുമുള്ള ലക്ഷ്യത്തോടെയായരുന്നു ഇവർ യുഎഇയിലേയ്ക്ക് വന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക