പണയം വെക്കാൻ വേണ്ടി അടുത്ത സുഹൃത്തിന് എടുത്തുനല്‍കിയ 70 പവൻ സ്വർണം തിരികെ കിട്ടാത്തതിനെ തുടർന്ന് വിഴിഞ്ഞത്ത് ധനകാര്യ സ്ഥാപന ജീവനക്കാരി വിഷം കഴിച്ച് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജയാഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജു (28) ആണ് ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയത്. ഒപ്പം വിഷം കഴിച്ച മറ്റൊരു സുഹൃത്ത് ഗുരുതരാവസ്ഥയിലാണ്. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യ (32) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 30-നാണ് ഇരുവരും ഷാർജാ ജ്യൂസില്‍ വിഷം കലർത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഐശ്വര്യ ഇതേ സ്ഥാപനത്തിന്റെ വെങ്ങാനൂർ അമരിവിള ശാഖയിലാണ് ജോലി ചെയ്തിരുന്നത്. ഇരുവരുടെയും അടുത്ത സുഹൃത്തായ പനങ്ങോട് സ്വദേശിനി സിന്ധുവിനാണ് പണയം വെക്കാനായി ഇവർ സ്ഥാപനത്തില്‍ നിന്ന് 70 പവൻ സ്വർണം നിയമവിരുദ്ധമായി മറിച്ചുനല്‍കിയത്. എന്നാല്‍ പറഞ്ഞ സമയമായിട്ടും ഇവർ സ്വർണം തിരികെ നല്‍കിയില്ല.
സ്വകാര്യ സ്വർണ പണമിടപാട് സ്ഥാപനത്തിന്റെ വിഴിഞ്ഞത്തുള്ള ശാഖയിലാണ് അഞ്ജു ജോലിയെടുത്തിരുന്നത്. ഐശ്വര്യ വെങ്ങാനൂർ അമരിവിളയിലുള്ള ശാഖയിലും. ഈ രണ്ട് ശാഖകളില്‍ പണയം വെച്ചിരുന്ന ആളുകളുടെ സ്വർണമാണ് സിന്ധുവിന് ഇവർ നല്‍കിയത്. പണയം വെച്ചവർ സ്ഥാപനത്തിലെത്തിയതോടെ അഞ്ജുവും ഐശ്വര്യയും പലരോടും കടം വാങ്ങി കുറച്ചുപേർക്ക് സ്വർണത്തിന്റെ പണം നല്‍കി.
സ്ഥാപന ഉടമ സംഭവം അറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് അഞ്ജു മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഐശ്വര്യയുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തി. അഞ്ജുവിന്റെ സഹോദരനും ഭർത്താവും വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം നടക്കുന്നതായി എസ്.എച്ച്.ഒ. വി.ഡി.റെജി രാജ് അറിയിച്ചു.

















