പി.വി അൻവർ എംഎല്‍എയ്ക്ക് എതിരായ പ്രതിഷേധ പ്രകടനത്തില്‍ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം. ‘ഗോവിന്ദൻ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’ എന്നതടക്കം കടുത്ത ഭാഷയിലാണ് പ്രകടനത്തില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്. പിവി അൻവറിന്റെ മണ്ഡലമായ നിലമ്ബൂരിലായിരുന്നു സിപിഎം പ്രകടനത്തില്‍ ആദ്യം കൊലവിളി മുദ്രാവാക്യം ഉയര്‍ന്നത്.
ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനർ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമായിരുന്നു ഇന്നലെ വരെ ചേര്‍ത്തുപിടിച്ച ഇടത് എംഎല്‍എക്കെതിരെ നിലമ്ബൂരില്‍ നടന്ന പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് പിന്നാലെ പിവി അൻവറിന്റെ കോലവും കത്തിച്ചു. എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു. ഈ പ്രകടനത്തിലും അൻവറിനെതിരെ കൊലവിളി ഉയർന്നു.
‘നേതാക്കള്‍ക്കെതിരെ തിരിഞ്ഞാല്‍ കൈയും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാല്‍ തിരിച്ചടിക്കും കട്ടായം’ എന്ന കൊലവിളി നടത്തിക്കൊണ്ടായിരുന്നു സിപിഎമ്മിന്റെ പ്രകടനം. ഇവിടെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ അൻവറുമായി ബന്ധമുള്ള പ്രവർത്തകർ ഉള്‍പ്പെടെ പങ്കെടുത്തു. സമാനമായ രീതിയില്‍ എടക്കരയിലും മലപ്പുറത്തും പി.വി അൻവറിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം നടന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്.
‘ഗോവിന്ദൻ മാസ്റ്റര്‍ ഒന്ന് ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് ചാലിയാര്‍ പുഴയിൽ തള്ളും’; പി വി അന്‍വറിനെതിരെ ഭീഷണി മുദ്രാവാക്യവുമായി സിപിഎം #cpm #PVAnvar #mvgovindan #PinarayiVijayan
Posted by Manorama News TV on Friday, September 27, 2024
പാർട്ടിയുമായി നേരിട്ട് ഏറ്റുമുട്ടാൻ അൻവർ തീരുമാനിച്ച സാഹചര്യത്തില്‍ അൻവറിനെതിരെ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്. അതേസമയം, അൻവറിന് രാഷ്ട്രീയ അഭയം നല്‍കുന്ന കാര്യത്തില്‍ കരുതലോടെയാണ് യുഡിഎഫ് നീങ്ങുന്നത്. സിപിഎമ്മിന്റെ തുടർ നടപടി നോക്കി തീരുമാനമെടുക്കാനാണ് മുന്നണിയുടെ തീരുമാനം.

















