സമാനതകളില്ലാത്ത തിരിച്ചടിയാണ് പി.വി. അൻവർ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും നല്‍കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ എന്നതിലുപരി സിപിഎമ്മിന്റെ പാർലമെന്ററി പാർട്ടി അംഗമാണ് അൻവറെന്നതാണ് ഇതില്‍ ശ്രദ്ധേയം.
സ്വന്തം പാർട്ടി എംഎല്‍എയില്‍നിന്നാണ് അക്ഷരാർഥത്തില്‍ മുഖ്യമന്ത്രിക്കുനേരെ ഇത്രയും രൂക്ഷമായ വിമർശനമുണ്ടായിരിക്കുന്നത്. തുറന്ന് പറച്ചിലിനൊടുവില്‍ സിപിഎം പാർലമെന്റി പാർട്ടി യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയാണ് അൻവർ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉയർത്തിയ ആരോപണത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യപ്രതികരണം വിലക്കി മണിക്കൂറുകള്‍ക്കം അൻവർ മുഖ്യമന്ത്രിക്കെതിരേതന്നെ പരസ്യമായി തുറന്നടിച്ചിരിക്കുകയാണ്. ചതിയൻ, ഗതിക്കെട്ടവൻ, പാർട്ടി പ്രവർത്തകരാല്‍ വെറുക്കപ്പെട്ടവൻ, കെട്ടുപോയ സൂര്യൻ, ഏകാധിപതി തുടങ്ങിയ വിശേഷണങ്ങളാണ് വാർത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അൻവർ നല്‍കിയത്. ബന്ധപ്പെട്ട ഒരു സഖാവ് പോലും മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് നല്ലത് പറഞ്ഞിട്ടില്ലെന്നും അൻവർ പറയുകയുണ്ടായി.
കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത് കേസുകള്‍ പുനരന്വേഷിക്കാൻ മുഖ്യമന്ത്രിയെ ആവർത്തിച്ച് വെല്ലുവിളിക്കുകയുംചെയ്തു അൻവർ. തന്നെ സ്വർണക്കടത്തുകാരനായി പൊതുസമൂഹത്തിനുമുന്നില്‍ ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് അൻവർ മുഖ്യമന്ത്രിക്കെതിരേ തിരിഞ്ഞത്.
കഴിഞ്ഞ പത്രസമ്മേളനങ്ങളിലെല്ലാം മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരായി പറയാതിരിക്കാൻ അതീവ ശ്രദ്ധകാണിച്ചിരുന്ന അൻവർ, ഇന്നുപക്ഷേ അതിരുകളില്ലാതെ തുറന്നടിച്ചു. സിപിഎമ്മില്‍ ഏകാധിപത്യ മനോഭാവമാണെന്നും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുപോലും അതിന് കീഴടങ്ങേണ്ടിവന്നെന്നും പറഞ്ഞു. പാർട്ടി നേതാക്കള്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയാല്‍ ചോദ്യംചെയ്യാൻ പാടില്ലെന്നാണ് സിപിഎമ്മിലെ അവസ്ഥയെന്നും അൻവർ തുറന്നുപറഞ്ഞു.
എഡിജിപി തരുന്ന വാറോല വായിക്കുന്ന ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാർട്ടിയും പരിശോധിക്കണമെന്നും അൻവർ പറഞ്ഞു. എങ്ങനെയൊക്കെ ആ മനുഷ്യൻ എന്നെ ചതിച്ചിട്ടുണ്ടെന്ന് കേരളത്തില്‍ ജനങ്ങള്‍ മനസ്സിലാക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അൻവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വിവരിച്ചത്. ആരാണ് മനുഷ്യൻ എന്ന് ചോദിപ്പോള്‍ ‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി’ എന്ന് അൻവർ കൃത്യമായി മാധ്യമങ്ങള്‍ക്ക് മറുപടിയും നല്‍കി.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും വിവരിച്ചു
മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിപ്പിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ ഓഫീസിലെത്തി. മുഖ്യമന്ത്രി മാത്രമേ അവിടെയുള്ളൂ. 11 പേജടങ്ങുന്ന പരാതി മുഖ്യമന്ത്രിക്ക് നല്‍കി. മുഖ്യമന്ത്രി വളരെ റിലാക്സ് ചെയ്ത് പരാതി വായിച്ചു. ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്. വളരെ ഗൗരവമാണല്ലോ എന്ന നിലയ്ക്ക്. ഇതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് നാല് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അദ്ദേഹം എന്റെ ഉള്ളെടുക്കാനാണ് ചോദിച്ചതെന്ന് എനിക്കറിയില്ലായിരുന്നു.
ഞാനെന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ടിരുന്ന ഒരാളുടെ മുന്നിലാണ് ഇരിക്കുന്നത്. ഞാനുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. എനിക്ക് മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞു, ആരും പറഞ്ഞില്ലെങ്കിലും എനിക്ക് പറയുക അല്ലതെ നിവൃത്തിയില്ല. അപ്പോള്‍ എന്നോ പറയാൻ പറഞ്ഞു. അഞ്ചെട്ട് മാസം മുമ്ബ് ഞാൻ പറഞ്ഞതാണ് അങ്ങയോട്, അജിത്ത് കുമാറും ശശിയും ചതിക്കുമെന്ന്. സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. സാജൻ സ്കറിയയെ ഡല്‍ഹിയില്‍നിന്ന് രക്ഷപ്പെടുത്താൻ പറഞ്ഞ കാര്യങ്ങളടക്കം വിവരിച്ചു. അപ്പോള്‍ മുഖ്യമന്ത്രി നിശ്വാസമെടുത്തു. എന്നിട്ട് അദ്ദേഹം ചോദിച്ചു, ഇങ്ങനെയൊക്കെ ആയാല്‍ എന്താ ചെയ്യുകയെന്ന്. സത്യത്തില്‍ അത് എന്റെ മനസ്സില്‍ കൊണ്ടു. കാട്ടുക്കള്ളൻ ശശിയാണ് കേരളത്തില്‍ ഈ മനുഷ്യനെ വികൃതമാക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി.
2021-ല്‍ രണ്ടാമത് എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവം കൊണ്ടാണെന്ന് ഞാൻ പറഞ്ഞു. നിങ്ങള്‍ക്ക് കേരളത്തില്‍ കത്തിജ്വലിക്കുന്ന സൂര്യനായിരുന്നു. ആ സൂര്യൻ ഇന്ന് കെട്ടുപോയെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അങ്ങയുടെ ഗ്രാഫ് നൂറില്‍നിന്ന് പൂജ്യത്തിലേക്കെത്തിയിട്ടുണ്ട്. കേരളത്തിലെ സാധാരണക്കാർക്കും കമ്മ്യൂണിസ്റ്റുകാർക്കും മുഖ്യമന്ത്രിയോട് വെറുപ്പാണെന്ന് പറഞ്ഞു. ഇതിന്റെ മുഴുവൻ കാരണക്കാരൻ അവനാണ് (ശശി) എന്ന് പറഞ്ഞു, ഞാനിതെല്ലാം കരഞ്ഞുകൊണ്ടാണ് പറഞ്ഞത്. അജിത് കുമാറിനെ മാറ്റിനിർത്താതെ അന്വേഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാകുമെന്നും ഞാൻ പറഞ്ഞു. അതിന് ഡിജിപിയുണ്ടല്ലോ എന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. നമുക്ക് നോക്കാമെന്നും പറഞ്ഞു. സത്യസന്ധമായ നിലപാടാണ് എന്ന് കരുതി. പുറത്ത് പത്രക്കാരുണ്ട് അവരോട് എന്തെങ്കിലും പറയേണ്ടിവരുമെന്ന് പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ പറഞ്ഞോയെന്നും അറിയിച്ചു.
പിന്നീടുള്ളതെല്ലാം കണ്ണില്‍പൊടിയിലടല്‍ ആയിരുന്നുവെന്ന് അൻവർ ആരോപിച്ചു. അജിത് കുമാറിനെതിരെ വിജലൻസ് അന്വേഷണത്തിന് ആറ് മാസത്തെ സമയംകൂടി നല്‍കിയതോടെ ഈ കള്ളക്കളിയുടെ പൂർണത തനിക്ക് വ്യക്തമായി. സസ്പെൻഡ് ചെയ്യാനുള്ള എല്ലാ തെളിവുകളുമുണ്ടായിട്ടും മുഖ്യമന്ത്രി അജിത് കുമാറിനെ തലയില്‍ താലോലിച്ച് കൊണ്ടുനടന്നെന്നും അൻവർ പറഞ്ഞു.
പാർട്ടിയില്‍ അടിമത്തം
പാർട്ടി, പാർട്ടി എന്നുപറഞ്ഞ് ഒരു അഭിപ്രായവും ഒരു പാർട്ടി നേതാവിനും ഇല്ലാത്ത വിധത്തിലാക്കി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിവൃത്തികേട് കൊണ്ടാണ്. ഗോവിന്ദൻ മാസ്റ്ററുടെ സ്ഥിതി അതാണെങ്കില്‍ പാവപ്പെട്ടവരുടെ സ്ഥിതിയെന്താകും. ഇവരുടെ അടിമത്തത്തിന് കീഴ്പ്പെട്ട് നില്‍ക്കണം, പാർട്ടി സഖാക്കള്‍ പ്രതികരിക്കാൻ പാടില്ലെന്നാണ് പാർട്ടിലൈൻ. ഉന്നതരായ നേതാക്കള്‍ക്ക് എന്ത് അഴിമതിയും സ്വജനപക്ഷപാതവും നടത്താം. ഒരാളും ചോദിക്കാൻ പാടില്ല. ഇതാണോ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലൈനെന്ന് നേതാക്കള്‍ വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റുകാരടെ കണ്ണ് നിറഞ്ഞിട്ട് എന്തേ പാർട്ടി നേതൃത്വം ഏറ്റെടുക്കാത്തത്. നേർക്കുനേർ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാൻ ആളില്ലാതായി, അൻവർ പറഞ്ഞു.
ഒരു റിയാസ് മാത്രം മതിയോ?
ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് അൻവർ വാർത്താസമ്മേളനത്തിനിടെ പറഞ്ഞു. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണ്. പാർട്ടി ഇവിടെ നിലനില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാർട്ടി പ്രവർത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിർത്താനല്ല പാർട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അൻവറിന്റെ നെഞ്ചത്ത് കേറാൻ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?’, അൻവർ ചോദിച്ചു.
കേരളത്തില്‍ പൊതുസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ഇവിടുത്തെ പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടാണെന്ന് അൻവർ പറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണത്. പ്രധാനപ്പെട്ട കേസുകളെല്ലാം തെളിയാത്തത് ഇതുകൊണ്ടാണ്. നേതൃത്വവുമായി ബന്ധപ്പെട്ട കേസുകള്‍ തെളിയുമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട.
‘കെട്ടവരുടെ കൈയില്‍നിന്ന് എപ്പോഴെങ്കിലും ഈ പാർട്ടി നല്ലവരുടെ കൈയിലെത്തും. അതുകൊണ്ട് പാർട്ടിയുടെ അടിവേര് വെട്ടാൻ പി.വി. അൻവർ തയ്യാറാകില്ല. പക്ഷേ, എന്റെ നേർക്കെടുത്താൻ നമുക്ക് നോക്കാം’, ഈ താക്കീതോടെയാണ് അൻവർ പത്രസമ്മേളനം അവസാനിപ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

















