തിരുവനന്തപുരത്ത് വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച ദമ്ബതികളെ മർദിച്ചതായി പരാതി. പതിനാറാം മൈല്‍ സ്വദേശികളായ ഷബീർ ഖാനും ഭാര്യ സജീനയ്ക്കുമാണ് മർദനമേറ്റത്. അപകടത്തില്‍പ്പെട്ടയാളും സുഹൃത്തും ചേർന്ന് മർദിച്ചു എന്നാണ് പരാതി. മുടപുരം സ്വദേശി ജഹാംഗീറിനും സുഹൃത്തിനുമെതിരെയാണ് പരാതി.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. തിങ്കളാഴ്ച രാത്രി 11.30നാണ് പതിനാറാംമൈലിലെ സ്‌കൂളിന് മുന്നില്‍വച്ച് സ്കൂട്ടർ യാത്രികരായ ജഹാംഗീറും ഭാര്യയും മകളും അപകടത്തില്‍പ്പെടുന്നത്. ശബ്ദം കേട്ട് സമീപത്തെ വീട്ടുടമയായ ഷബീർഖാനും ഭാര്യയും പുറത്തേക്കുവരികയും അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തി വീട്ടിലെത്തിച്ച് വെള്ളം കൊടുക്കുകയും അടുത്തുള്ള ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയമാണ്, അപകടത്തില്‍പ്പെട്ട ജഹാംഗീറിന്റെ സുഹൃത്തായ നസീർ സ്‌കൂട്ടറിലെത്തി ഷബീറിനെ ആക്രമിച്ചത്. തുടർന്ന് ജഹാംഹീറും ഇയാള്‍ക്കൊപ്പം കൂടുകയും ഷബീറിനെ മതിലില്‍ ചാരിനിർത്തി മർദിക്കുകയും തടയാൻ വന്ന ഭാര്യയെ തള്ളി നിലത്തിടുകയും ചെയ്തു.
വീട്ടുമുറ്റത്തിരുന്ന സൈക്കിളും ചെടിച്ചട്ടികളും നശിപ്പിക്കുകയും ഇവയുള്‍പ്പെടെയെടുത്ത് ദമ്ബതികളെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ മംഗലപുരം പൊലീസില്‍ ദമ്ബതികള്‍ പരാതി നല്‍കിയെങ്കിലും എസ്‌എച്ച്‌ഒ ഇത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന് ഷബീർ പറയുന്നു. ഉദ്യോഗസ്ഥൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും ഷബീർ ആരോപിക്കുന്നു. സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

















