പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവന്റെ കർമ്മനിരതയും. പാലാ സ്വദേശികളായ ഫോട്ടോഗ്രാഫർ രാജീവും, പന്ത്രണ്ടാം മൈലിലെ വ്യാപാരിയുമായ സാജുവുമാണ് നാട്ടുകാരുടെ കുടിവെള്ളത്തിൽ മാലിന്യം കലർത്താൻ എത്തിയ ആലപ്പുഴ സംഘത്തെ കുടുക്കിയത്.
ബുധനാഴ്ച വൈകിട്ട് എട്ടര മണിയോടുകൂടി സ്റ്റുഡിയോ അടച്ച് മടങ്ങുകയായിരുന്ന രാജീവ് സംശയാസ്പദമായ രീതിയിൽ ഒരു ടാങ്കർ ലോറി കടപ്പാട്ടൂർ ഭാഗത്തേക്ക് പോകുന്നത് കണ്ടാണ് സുഹൃത്തായ സാജുവിനെ ഫോണിൽ ബന്ധപ്പെടുകയും, വഴിയിൽ നിന്ന് അദ്ദേഹത്തെ കൂടി കയറ്റി ലോറിയെ പിന്തുടരുകയും ചെയ്തത്. ലോറിയിലുള്ളവർ കടപ്പാട്ടൂർ ബൈപ്പാസിൽ മാലിന്യം തള്ളാൻ ആരംഭിച്ചപ്പോഴേക്കും ഇവർ സ്ഥലത്തെത്തുകയും വാഹനം വിലങ്ങുകയും ചെയ്തെങ്കിലും ഇവരെ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടുപോകാനാണ് ടാങ്കർ ലോറിക്കാർ ശ്രമിച്ചത്. അത്ഭുതകരമായ രക്ഷപ്പെട്ട യുവാക്കൾ തുറന്ന് തങ്ങളുടെ വാഹനത്തിൽ ലോറിയെ പിന്തുടരുകയും ലോറി ഏറ്റുമാനൂർ വഴി മണർകാട് ഭാഗത്തേക്ക് എത്തുകയും ആണ് ഉണ്ടായത്.
തങ്ങളെ യുവാക്കൾ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലാക്കിയ ലോറിക്കാർ മണർകാട് നിന്ന് ബൈപാസ് വഴി കുമാരനെല്ലൂർ എത്തുകയും തുടർന്ന് കോട്ടയത്തേക്ക് ലോറി പായിക്കുകയും ചെയ്തു. കോട്ടയത്ത് നിന്ന് കറങ്ങി ഗാന്ധിനഗർ എത്തിയപ്പോൾ പോലീസ് സംഘം വഴി തടഞ്ഞ് ലോറിക്കാരെ പിടികൂടുകയായിരുന്നു. 60 കിലോമീറ്റർ ദൂരമാണ് യുവാക്കൾ ലോറിയെ പിന്തുടർന്നത്.
നിർണായക ഇടപെടലുമായി മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭൻ
ഈ സമയത്ത് തന്നെ യുവാക്കൾ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ടായ രഞ്ജിത്ത് മീനാഭവനെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിക്കുകയുണ്ടായി. രഞ്ജിത്ത് ഉടനടി പരിസരപ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ട് വിവരം കൈമാറിയതിനാൽ വിവിധ പോലീസ് സംഘങ്ങളും ജാഗ്രത പാലിച്ചു. ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോലീസിനെ വെട്ടിച്ച് ടാങ്കർ കടന്നു പോയെങ്കിലും ഗാന്ധിനഗറിൽ വച്ച് ലോറി പിടികൂടുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത ലോറിയും പ്രതികളെയും ഗാന്ധിനഗർ പോലീസ് പാലാ പോലീസിന് കൈമാറി. പ്രതികളെ വിട്ടയക്കാൻ ഉന്നത രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നുണ്ട്.

















