ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിയില്‍ ആലോചിച്ചാല്‍ മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. രാവിലെ വിവരാവകാശ കമ്മീഷൻ കൊടുക്കണമെന്ന് പറഞ്ഞ ഭാഗം കൊടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സമ്മർദ്ദം സർക്കാരിനു മേലുണ്ട്. സർക്കാരോ സർക്കാർ ഉദ്യോഗസ്ഥരോ ഇതിനു വഴങ്ങുന്നുമുണ്ട്. മറ്റുള്ള ഒരു വിശദീകരണവും വിശ്വസനീയമായി തോന്നുന്നില്ല.
സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പോള്‍ പിന്നെ ഒളിപ്പിക്കുന്നത് ആരാണെന്നും ആഷിക് അബു ചോദിച്ചു. സർക്കാരിന്റെ ഭാഗത്തുള്ള ആരാണ് ലൈംഗികാതിക്രമം ഉണ്ടെന്ന ഉള്ളടക്കമുള്ള റിപ്പോർട്ട് വായിച്ചത്? അപ്പോള്‍ അതൊരു ക്രിമിനല്‍ കുറ്റമാണെന്നു ബോധ്യപ്പെട്ടിരുന്നില്ലേ? സർക്കാരിന് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാമായിരുന്നല്ലോ. സാങ്കേതികത്വം മറിക്കടക്കാനുള്ള നിയമപരിജ്ഞാനം ഇല്ലാത്തവരാണോ സർക്കാരില്‍ ഉള്ളതെന്നും ആഷിക് അബു ചോദിച്ചു.
മിടുക്കരായ മന്ത്രിമാരുള്ള സർക്കാരാണിത്. എന്നിട്ടും എന്തുകൊണ്ടിങ്ങനെയെന്നു മനസിലാകുന്നില്ല. സർക്കാർ ഇടപെടുന്നതിന് പകരം മാറിനിന്നു. അതുതന്നെ കുറ്റകരമായ അനാസ്ഥയാണ്. ഞാനും ഇടതുപക്ഷ സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചയാളാണ്. ഒരു അനീതി നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ ഇങ്ങനെയാണോ ഇടതുപക്ഷം പ്രവർത്തിക്കേണ്ടത്?
ഈ റിപ്പോർട്ട് വായിച്ച അന്ന് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഒരു പത്രസമ്മേളനം നടത്തിയിരുന്നെങ്കില്‍ ചിത്രം മാറിയേനെ. തോറ്റുപോകുമെന്ന് ഉറപ്പായിരുന്നാല്‍പോലും കോടതിയെ സമീപിച്ചാല്‍ പോലും സർക്കാരിന് അഭിമാനിക്കാമായിരുന്നു. കുറ്റകരമായ ഈ അനാസ്ഥയ്ക്ക് സർക്കാർ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഇത്ര ഇച്ഛാശക്തിയുള്ള ഒരു സർക്കാരിനെ പോലും കുഴിയില്‍ ചാടിക്കാൻ പവർ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞുവെന്നും ആഷിക്ക് അബു വ്യക്തമാക്കി.

















