ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ബോഡി ബില്‍ഡർ ഷിനു ചൊവ്വയുടെ സബ് ഇൻസ്‌പെക്ടർ നിയമനം റദ്ദാക്കാൻ ആഭ്യന്തര വകുപ്പ് നടപടി തുടങ്ങി.ഷിനു ചൊവ്വയെ സർവീസില്‍ നിന്ന് പുറത്താക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി പരിശീലനം നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി ഡിജിപിയോട് നിർദേശം നല്‍കിയതായാണ് വിവരം. വിഷയത്തില്‍ വിശദമായ റിപ്പോർട്ടും തേടിയിട്ടുണ്ട്.
ഷിനു ചൊവ്വയുടെ നിയമനം തുടക്കം മുതല്‍ തന്നെ വിവാദമായിരുന്നു. എസ്‌ഐ നിയമനത്തിനുള്ള ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും, പ്രത്യേക ഇളവുകള്‍ നല്‍കിയായിരുന്നു പിണറായി സർക്കാർ ഷിനുവിനെ പൊലീസില്‍ തിരുകി കയറ്റിയത്. ശരീരസൗന്ദര്യമത്സര വിജയിയായ ഷിനു ചൊവ്വയ്‌ക്കും ചിത്തരേഷ് നടേശനും വേണ്ടി നിലവിലുള്ള പൊലീസ് ഫിസിക്കല്‍ ടെസ്റ്റ് മാനദണ്ഡങ്ങള്‍ ഇടത് സർക്കാർ അടിമറിക്കുകയായിരുന്നു.
പി.എസ്.സി മുഖേനയുള്ള സാധാരണ നിയമന നടപടികള്‍ക്ക് പകരം പ്രത്യേക വഴികള്‍ തേടിയതും, ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയിക്കാതിരുന്നിട്ടും നിയമനത്തിന് അനുമതി നല്‍കിയതും വലിയ രാഷ്‌ട്രീയ-ഭരണപരമായ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകള്‍ അവഗണിച്ചാണ് തീരുമാനം മുന്നോട്ടുപോയതെന്ന ആരോപണവും അന്ന് ശക്തമായിരുന്നു.വിവാദ നിയമനങ്ങള്‍ റദ്ദാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഷിനു ചൊവ്വയുടെ നിയമനവും പുനഃപരിശോധനയ്‌ക്ക് വിധേയമായത്.

















