തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തർക്കം. തുടർന്ന് കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എസ് സബീന ബിഞ്ചു വിജയിച്ചു. മുസ്ലീം ലീഗ് പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇതാണ് തർക്കങ്ങള്‍ക്ക് ഇടയാക്കിയത്.
യുഡിഎഫിലെ തമ്മിൽ തല്ലാണ് നഗരഭരണം തിരികെ പിടിക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തിയത്. ഒരു അംഗത്തിന്റെ മേൽ കൈ യുഡിഎഫിനുണ്ടായിരുന്നു. എന്നാൽ അഞ്ചു മുസ്ലിം ലീഗ് അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് 10 വോട്ട് ലഭിച്ചു. തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്സ്, ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
വിജിലൻസിന്‍റെ കൈക്കൂലി കേസില്‍ പ്രതിയായതോടെ മുൻ ചെയർമാൻ സനീഷ് ജോർജ് പദവി രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2020-ലെ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്ന യുഡിഎഫില്‍ നിന്നും അംഗങ്ങളെ അടർത്തിയെടുത്ത് ഭരണം കൈവശപ്പെടുത്തിയ തന്ത്രം ഇത്തവണയും എല്‍ഡിഎഫ് രംഗത്തിറക്കിയേക്കും എന്ന് സൂചനകളുണ്ടായിരുന്നു. ചെയർമാൻ പദവിക്ക് കോൺഗ്രസും ലീഗും അവകാശവാദം ഉന്നയിച്ചതോടെ കാലാവധി വീതം വെച്ച് സമവായത്തിൽ എത്താനുള്ള യുഡിഎഫ് ശ്രമം പരാജയപ്പെട്ടത് ആയിട്ടാണ് വോട്ടെടുപ്പ് ഫലം തെളിയിക്കുന്നത്.