സർക്കാർ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ധനവകുപ്പ് വ്യക്തമാക്കി. എല്ലാ വകുപ്പുകള്‍ക്കും അയച്ച സർക്കുലറിലാണ് ധനവകുപ്പ് ചെലവ് ചുരുക്കാൻ നിർദേശം നല്‍കിയിരിക്കുന്നത്.അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റില്‍ കർശനമായ ചെലവുചുരുക്കല്‍ വേണ്ടിവരുമെന്നും ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകള്‍ ഈ വർഷത്തെ നിലവാരത്തില്‍ തന്നെ നിലനിർത്തണം. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കാനും പിന്നീട് നടത്താവുന്ന അറ്റകുറ്റപ്പണികള്‍ താല്‍ക്കാലികമായി മാറ്റിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.പദ്ധതികള്‍ അവസാനിപ്പിച്ചാല്‍ അധികമാകുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടതില്ല. പകരം, ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുനർവിന്യസിക്കാൻ പ്രത്യേകം പട്ടിക തയ്യാറാക്കണം. ഈ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാർഥ ബജറ്റ് തുകയെക്കാള്‍ കൂടരുതെന്നും ധനവകുപ്പ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നികുതിയും നികുതി ഇതര കുടിശികയും വേഗത്തില്‍ പിരിച്ചെടുക്കാനുള്ള നിർദേശങ്ങള്‍ വകുപ്പുകള്‍ സമർപ്പിക്കണം. കുടിശികയുടെ കണക്കും ഇതുവരെ സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും സർക്കുലറില്‍ പറയുന്നു.

അതേസമയം, ഭരണമാറ്റത്തെ തുടർന്ന് സർക്കാർ പുതിയ ഔദ്യോഗിക ഡയറി പുറത്തിറക്കാനും തീരുമാനിച്ചു. മുഖ്യമന്ത്രി, മന്ത്രിമാർ, എംഎല്‍എമാർ, അവരുടെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. അടുത്ത മാസം 24-നകം വിവരങ്ങള്‍ കൈമാറാൻ വകുപ്പുകള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

ഈ വർഷം ആദ്യം തന്നെ സർക്കാർ ഡയറി പുറത്തിറക്കിയിരുന്നെങ്കിലും വീണ്ടും അച്ചടിക്കേണ്ട സാഹചര്യം വന്നതിനാല്‍ അച്ചടി പ്രതികള്‍ പരമാവധി കുറയ്ക്കും. പകരം ഡിജിറ്റല്‍ ഡയറി ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക