യുഡിഎഫ് സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം നിയമസഭയില്‍ പുരോഗമിക്കുന്നു. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനാണ് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നത്.സംസ്ഥാനത്തിന്റെ തീരദേശം, തുറമുഖങ്ങള്‍, മറ്റ് ജലസ്രോതസുകള്‍ എന്നിവ സംയോജിപ്പിച്ച്‌ ‘മിഷൻ സമുദ്ര’ എന്ന പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 400 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരിക്കുന്നത്.

‘സംസ്ഥാനത്തിന്റെ സാമ്പത്തികമായ പരാധീനതകളും ഘടനാപരമായ മാറ്റങ്ങളും പരമ്പരാഗത മാർഗങ്ങളിലൂടെ മാത്രം പരിഹരിക്കാനാകില്ല. ആധുനികവും നൂതനവുമായ മാർഗങ്ങളിലൂടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിച്ച്‌ വൻകിട നിക്ഷേപങ്ങള്‍ ആകർഷിച്ച്‌ ഖജനാവില്‍ പണം സമാഹരിച്ചുകൊണ്ട്, ആ സമ്പത്തിന്റെ നീതിപൂർണമായ വിതരണം ഉറപ്പാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത് സാക്ഷാത്‌കാരമാക്കാനുള്ള സ്വപ്‌നപദ്ധയില്‍ ഒന്നാണ് മിഷൻ സമുദ്ര.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്‌ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്‌ന്‌മെന്റ് ടെർമിനല്‍, 17 നോണ്‍ മേജർ തുറമുഖങ്ങള്‍, മറ്റ് അനേകം ജലസ്രോതസുകള്‍ എന്നിവ സംയോജിപ്പിച്ച്‌ അഞ്ച് വർഷത്തിനുള്ളില്‍ കേരളത്തെ ലോക മാരിടൈം ഭൂപടത്തില്‍ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള പദ്ധതിയാണ് മിഷൻ സമുദ്ര. കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്‌ത് റോഡ്, സമുദ്രം, ഉള്‍നാടൻ ജലപാതകള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും.

വിഴിഞ്ഞം ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയില്‍, വിഴിഞ്ഞം – നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നീ പദ്ധതികള്‍ക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തില്‍ നടപ്പിലാക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തും. മിഷൻ സമുദ്രയ്‌ക്കായി 400 കോടി രൂപ സർക്കാർ വകയിരുത്തുന്നു’ – വി ഡി സതീശൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക