പേളി മാണിയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങള്‍ കെട്ടടങ്ങാതെ തുടരുകയാണ്. ഡല്‍ഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി നടത്തിയ പരാമർശമാണ് വലിയ വിവാദങ്ങള്‍ക്കും ചർച്ചയ്ക്കും വഴി തുറന്നത്.വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിക്കുകയും എന്നാല്‍ വിദ്യാർത്ഥികള്‍ അക്രമത്തില്‍ നിന്ന് പിന്മാറണമെന്നും ജീവനാണ് പ്രധാനമെന്നും പറഞ്ഞ് പേളി പങ്കുവെച്ച കുറിപ്പാണ് ആദ്യം വിവാദം ആയത്.
സംവിധായകൻ സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ച നടപടിയായിരുന്നു അടുത്ത വിവാദം. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പേളി മാണി സ്വീകരിച്ച നിലപാടിനെ വിമർശിച്ച് സിബി മലയിലിന്റെ മകൻ ജോ രംഗത്ത് എത്തിയിരുന്നു. ഇതിന് മറുപടി നല്‍കവേ ആണ് പേളി സിബി മലയിലിനെ പരാജയപ്പെട്ട സിനിമാക്കാരൻ എന്ന് വിശേഷിപ്പിച്ചത്.
ഈ രണ്ട് വിവാദങ്ങളും തനിക്ക് കാവിയാണ് ഇഷ്ടമെന്ന പരാമർശം കൂടി വന്നതോടെ സംഭവം അങ്ങ് ചൂട് പിടിച്ചു. ഇതില്‍ ഏറ്റവും തിരിച്ചടിയായത് സിബി മലയില്‍ വിവാദമാണ്. സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമർശനമാണ് യുടൂബറും അവതാരകയുമായ പേളിക്കെതിരെ ഉയർന്നത്. ഡല്‍ഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭം അവസാനിച്ചെങ്കിലും താരത്തിനെതിരെയുള്ള സോഷ്യല്‍ മീഡയ യുദ്ധത്തിന് അറുതി വന്നിട്ടില്ല.
വിവാദങ്ങള്‍ക്ക് മുൻപ് പേളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് 57 ലക്ഷം പേരായിരുന്നു. എന്നാല്‍ വിഷയം ചൂടേറിയ ചർച്ചയായി മാറിയതോടെ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോള്‍ 54 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് ഏകദേശം മൂന്ന് ലക്ഷം ഫോളോവേഴ്സാണ് കൊഴിഞ്ഞുപോയത്. അതില്‍ ഒരു കമന്റ് ഇങ്ങനെ ‘Privileged and comfort zone ല്‍ ഇരുന്ന് “No cause is worth losing a life over ” എന്നൊക്കെ വായ്ത്താളം പറയാതെ ഇരിക്കുക. നമ്മള്‍ ഓരോത്തരും ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ആരെങ്കിലുമൊക്കെ തെരുവില്‍ ഇറങ്ങിയും ജീവൻ വെടിഞ്ഞും നേടി തന്നതിൻ്റെ ഫലമാണ്.’
എന്നാല്‍ പേളിക്കെതിരെ നിലവില്‍ നടക്കുന്നത് അനാവശ്യമായ നീക്കമാണെന്ന് വാദിക്കുന്നവരും ഉണ്ട്. പരാജയപ്പെട്ട സംവിധായകൻ എന്ന് സിബി മലയിലിനെ അല്ല. അദ്ദേഹത്തിന്റെ മകനെയാണ് പേളി വിശേഷിപ്പിച്ചതെന്നും മനപ്പൂർവ്വം അതിനെ വളച്ചൊടിയ്ക്കുകയാണ് ചിലർ ചെയ്തത് എന്നും അവരെ അനുകൂലിക്കുന്നവർ പറയുന്നു.








