വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസം ഒന്നു കഴിഞ്ഞിട്ടും ഭൂരിപക്ഷം കോണ്‍ഗ്രസ് മന്ത്രിമാർക്കും പേഴ്സണല്‍ സ്റ്റാഫ് ആയില്ല.ഇത് സംസ്ഥാന ഭരണത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് ഇല്ലാത്തത് മൂലം സെക്രട്ടേറിയറ്റിലും മന്ത്രിമാരുടെ ഓഫീസുകളിലും ഫയല്‍ നീക്കം പൂർണ്ണമായും തടസ്സപ്പെടുകയും കത്തുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങള്‍ മന്ത്രിമാരുടെ ഓഫീസുകളില്‍ ആരെ കാണണം എന്നറിയാതെ കുഴങ്ങുകയാണ്. മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് മുന്നില്‍ ഉത്സവപ്പറമ്പ് പോലെ വലിയ ആള്‍ക്കൂട്ടമാണ് അനുഭവപ്പെടുന്നത്. നിയമസഭ സമ്മേളിക്കുമ്പോള്‍ നിയമസഭാ മന്ദിരത്തിലെ ഓഫീസുകളിലേക്ക് മന്ത്രിമാർക്ക് പോലും കടക്കാനാവാത്ത വിധം കാര്യങ്ങള്‍ നിയന്ത്രണാതീതമായിരിക്കുകയാണ്.മുന്നണിയിലെ മറ്റ് കക്ഷികളായ ആർ.എസ്.പി, കേരളകോണ്‍ഗ്രസ് മന്ത്രിമാർക്ക് ചുരുക്കം പേരെക്കൂടി നിയമിച്ചാല്‍ മതിയാകും. മുസ്ലീം ലീഗ് മന്ത്രിമാരുടെ കുറേ സ്റ്റാഫിനെ നേരത്തെ തന്നെ നിയമിക്കുകയും ബാക്കിയുള്ളവരുടെ പട്ടിക ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ ഓഫീസുകളിലാണ് നിയമനം പൂർണ്ണമായും വൈകുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിലും നിയമനം നടക്കാനുണ്ട്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയവരുടെ ഓഫീസുകളില്‍ മാത്രമാണ് ഏറെക്കുറെ നിയമനങ്ങള്‍ നടന്നിട്ടുള്ളത്.50 ശതമാനം സർക്കാർ സർവീസില്‍ നിന്നുള്ള ഡെപ്യൂട്ടേഷൻകാരും ബാക്കി രാഷ്ട്രീയ നിയമനവുമെന്ന കീഴ്വഴക്കമാണ് സ്റ്റാഫ് നിയമനത്തിലുള്ളത്. ഇതില്‍ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നിയമനങ്ങളില്‍ അധികവും സർവീസില്‍ നിന്നുള്ളവരാകണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ നിയമനങ്ങളില്‍ തീരുമാനം പാർട്ടി നേതൃത്വമാണ് എടുക്കേണ്ടതെങ്കിലും മന്ത്രിമാർക്ക് സ്വന്തം ഇഷ്ടപ്രകാരവും നിയമിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പാർട്ടി ജില്ലാ നേതൃത്വങ്ങള്‍, മണ്ഡലം ഘടകങ്ങള്‍ എന്നിവയ്ക്ക് പുറമെ എം.പിമാർ, എം.എല്‍.എമാർ, സമുദായ സംഘടനകള്‍ തുടങ്ങിയവരില്‍ നിന്നെല്ലാം വൻതോതില്‍ ശുപാർശകള്‍ എത്തുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചില മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് നൂറിലധികം ശുപാർശ കത്തുകള്‍ വരെ എത്തിയിട്ടുണ്ട്. പ്ളീഡർമാരുടെ നിയമനത്തില്‍ ഉണ്ടായതുപോലെയുള്ള പേരുദോഷം ഇനി ഉണ്ടാവരുതെന്ന കർശന നിലപാടിലാണ് കെ.പി.സി.സി നേതൃത്വം. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള സൂക്ഷ്മ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.കീഴ്വഴക്ക പ്രകാരം 30 പേഴ്സണല്‍ സ്റ്റാഫിനെ വരെ നിയമിക്കാമെങ്കിലും ഇത്തവണ അത് 25 പേർ മതിയെന്നാണ് ധാരണ. മന്ത്രിമാർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കും ഇതേ ക്രമത്തില്‍ സ്റ്റാഫിനെ നിയമിക്കേണ്ടതുണ്ട്. പട്ടികയ്ക്ക് അന്തിമ രൂപമായിട്ടുണ്ടെന്നും വൈകാതെ നിയമന ഉത്തരവിറങ്ങുമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക