എംഡിഎംഎ കേസില്‍ പ്രതികളായതിനെത്തുടർന്ന് ലഹരി ഇടപാടില്‍ ഉള്‍പ്പെട്ട രണ്ട് അധ്യാപികമാരെ സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. കോഴിക്കോട് പേരാമ്പ്ര ബിആർസിക്കു കീഴിലെ താല്‍ക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന, ഓട്ടിസം സ്കൂളിലെ സ്പെഷ്യല്‍ എജ്യൂക്കേറ്ററായിരുന്ന കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെയാണ് സമഗ്ര ശിക്ഷാ അഭിയാൻ സംസ്ഥാന കോർഡിനേറ്ററുടെ ഉത്തരവ് പ്രകാരം സർവീസില്‍ നിന്ന് നീക്കം ചെയ്തത്. ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായാണ് ഈ അധ്യാപികമാരെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കീർത്തനയെ ഈ മാസം 11-നും കാവ്യയെ കഴിഞ്ഞ ദിവസവുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അധ്യാപികയെന്ന സല്‍പേര് മറയാക്കിയാണ് കീർത്തന ലഹരിക്കച്ചവടം നടത്തിയിരുന്നത്. കീർത്തനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകയും ഉറ്റ കൂട്ടുകാരിയുമായ കാവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വടകര പൊലീസ് റിസ്വാൻ എന്നയാളെ എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് അധ്യാപികമാർ ഉള്‍പ്പെട്ട ലഹരി സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കീർത്തനയുടെ അക്കൗണ്ട് വഴി പണം സ്വീകരിച്ചാണ് കച്ചവടം നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു. എംഎ സൈക്കോളജിക്കാരരിയായ കാവ്യ 2016 മുതല്‍ ബിആർസിക്കു കീഴിലെ ചെറൂവാളൂർ സർക്കാർ എല്‍പി സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളില്‍ സ്പെഷ്യല്‍ എജ്യൂക്കേറ്ററായി ജോലി ചെയ്തുവരികയായിരുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമായിരുന്നു കാവ്യയ്ക്ക് ജോലി ഉണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ ഇവർ വിലകൂടിയ ആഡംബര കാർ വാങ്ങിയിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്റെ വാഹനമാണെന്നായിരുന്നു ഇതിന് കാവ്യ നല്‍കിയ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലഹരി ഇടപാടുകള്‍ക്കായി വളരെ ആസൂത്രിതമായ രീതിയാണ് ഇവർ നടപ്പിലാക്കിയിരുന്നത്.2000 രൂപ വീതം അക്കൗണ്ടിലേക്ക് അയച്ചുനല്‍കിയാല്‍, ലഹരി ഒളിപ്പിച്ചുവെച്ച ലൊക്കേഷൻ പണമയച്ചയാള്‍ക്ക് ഇവർ കൈമാറും. തുടർന്ന് ലൊക്കേഷനിലെത്തുന്നവർക്ക് സംഘത്തിലെ മറ്റൊരാളാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം വൻ തുകയാകുമ്പോള്‍ അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാൻ കാവ്യയുടെ അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു രീതി.

ലഹരി ഉപയോഗിക്കുന്നവരുമായി നേരിട്ട് ബന്ധമില്ലെങ്കിലും വൻകിട ഇടപാടുകാരുമായി കീർത്തനയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അധ്യാപകർക്ക് പരിശീലനവും ശില്‍പ്പശാലയും സംഘടിപ്പിക്കുകയും വിദ്യാലയങ്ങളില്‍ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യേണ്ട രണ്ട് അധ്യാപികമാരെയാണ് ലഹരിസംഘം ഇടനിലക്കാരാക്കി മാറ്റിയത്. അധ്യാപികമാർക്ക് പണം അയച്ചുകൊടുത്തവരെയും എംഡിഎംഎ കൈമാറുന്ന മറ്റുള്ളവരെയും കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക