ഇടപ്പള്ളി ടോളില്‍ നിന്ന് മോഷ്‌ടിച്ച പ്രകാശൻ ചേട്ടന്റെ സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് വ്യവസായി ബോബി ചെമ്മണൂർ (ബോച്ചെ). കള്ളൻ മാനസാന്തരപ്പെട്ടാല്‍ നല്ല ജോലി നല്‍കാമെന്നും ബോച്ചെ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തന്റെ നമ്പറില്‍ (7994811116) വിളിച്ച് മോഷ്ടാവ് സൈക്കിള്‍ നേരിട്ട് ഏല്‍പിച്ചാല്‍ പണം നല്‍കുമെന്നും ഇത് ആരുമറിയില്ലെന്നും ബോച്ചെ അറിയിച്ചു.
എം ബി പ്രകാശെന്ന പ്രകാശൻ ചേട്ടന് കൈമാറിക്കിട്ടിയ 70 വർഷത്തോളം പഴക്കമുള്ള റാലി സൈക്കിള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ഒരു മാദ്ധ്യമം വാർത്ത നല്‍കിയത്. വാർത്തവായിച്ച് തനിക്കുണ്ടായ വിഷമത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരിക്കും പരമ്പരാഗതമായി കിട്ടിയ സൈക്കിള്‍ നഷ്ടപ്പെട്ടപ്പോള്‍ ഉടമയ്ക്ക് ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണൂരിന്റെ വാഗ്ദാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് എം ബി പ്രകാശ് പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സൈക്കിള്‍ മോഷണം പോയത്.
പത്താം വയസില്‍ പിതാവ് എം ആർ ബാലകൃഷ്ണനാണ് പ്രകാശിന് സൈക്കിള്‍ സമ്മാനിച്ചത്. പ്രീമിയർ ടയേഴ്സിലെ ജീവനക്കാരനായിരുന്നു പ്രകാശന്റെ പിതാവ്. അദ്ദേഹം യാത്രയ്ക്ക് ഉപയോഗിച്ചിരുന്ന സൈക്കിളാണ് പ്രകാശിന് കൈമാറിയത്. മരിക്കുന്നതിന് മുൻപ് പിതാവ് പ്രകാശനോട് ആവശ്യപ്പെട്ടത് ഒന്ന് മാത്രമായിരുന്നു ‘സൈക്കിള്‍ നശിപ്പിക്കരുത് ആർക്കും വില്‍ക്കരുത്’ എന്ന്, അത് പ്രകാശൻ ഇതുവരെ പാലിച്ചിരുന്നു.

















