കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടില്‍ കാവ്യയാണ് വടകര പോലീസിന്റെ പിടിയിലായത്. തൊഴില്‍ കൊണ്ട് അധ്യാപികയായ കാവ്യയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ലഹരിപ്പണമാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു.
ലഹരി സംഘത്തിലെ പ്രധാന കണ്ണിയും അധ്യാപികയുമായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ വളരെ കൃത്യമായ പദ്ധതിയിലൂടെയാണ് വടകര പോലീസ് വലയിലാക്കിയത്. മയക്കുമരുന്ന് ആവശ്യമുള്ളവരില്‍ നിന്ന് പണം സ്വീകരിക്കുന്ന പ്രധാന കേന്ദ്രമായിരുന്നു കാവ്യയുടെ ബാങ്ക് അക്കൗണ്ട്.
ആവശ്യക്കാർ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എം.ഡി.എം.എ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരുതോങ്കര സ്വദേശിനി കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയെ ചോദ്യം ചെയ്തതില്‍ നിന്നും സാമ്പത്തിക രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തുന്നത്.

















