ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രമാണിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതു അവധി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിന് എതിരെ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും വിമർശനം ശക്തമാകുന്നു. വിദേശ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന ഒരു കായിക മത്സരത്തിന് കേരളത്തില്‍ പൊതു അവധി നല്‍കിയത് തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ക്രിക്കറ്റ് ലോകകപ്പ്, ട്വൻ്റി-20 ലോകകപ്പ് തുടങ്ങി ഇന്ത്യ സ്ഥിരമായി ഫൈനലില്‍ എത്തുന്ന കായികമാമാങ്കങ്ങള്‍ക്കും, ഹോക്കി ലോകകപ്പില്‍ ഭാരതം മത്സരിക്കുന്ന ദിവസങ്ങളിലും ഇനി സമാനമായ രീതിയില്‍ പൊതു അവധി നല്‍കേണ്ടി വരില്ലേ എന്ന ചോദ്യമാണ് വിമർശകർ പ്രധാനമായും ഉന്നയിക്കുന്നത്.
ഏതോ രാജ്യങ്ങള്‍ തമ്മില്‍ കളിക്കുന്ന മത്സരത്തിന് കേരളത്തില്‍ അവധി നല്‍കുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മത്സരിക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെങ്കില്‍ അവധി നല്‍കുന്നതിന് ന്യായീകരണമുണ്ടെന്ന് വാദിക്കുന്നവർ, കനത്ത മഴ പെയ്യുമ്പോള്‍ പോലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവധിക്കായി ജില്ലാ കളക്ടർമാരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ കെഞ്ചേണ്ടി വരുന്ന സാഹചര്യവും ഓർമ്മിപ്പിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ അവധി നല്‍കാത്ത അധികൃതർ ഫുട്ബോള്‍ മത്സരത്തിന് അവധി പ്രഖ്യാപിച്ചത് ഇരട്ടത്താപ്പാണെന്നാണ് ആക്ഷേപം.
ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പ്രമാണിച്ച് സ്കൂളുകള്‍ക്ക് അവധി നല്‍കുന്നതിനെ അനുകൂലിക്കുന്നവരും കുറവല്ല.ഉറക്കം തൂങ്ങി ക്ലാസില്‍ ഇരിക്കുന്ന കുട്ടികളെ കാണാത്തത് കൊണ്ടാണ് വിമർശനം ഉന്നയിക്കുന്നതെന്നാണ് അനുകൂലിക്കുന്ന പക്ഷത്തിൻെറ മറുപടി.കുട്ടികളുടെ ആവശ്യത്തെയും അഭിപ്രായത്തെയും ഇനിയങ്ങോട്ട് മാനിച്ചേ പറ്റുവെന്ന് പ്രതികരിക്കുന്നവരും അനുകൂലികളുടെ കൂട്ടത്തിലുണ്ട്.കപ്പ് പിളേളര് തൂക്കി എന്ന പോസ്റ്റുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും അവധിയെ അനുകൂലിച്ച് രംഗത്തെത്തി.ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെയുളള കമൻറിലും അവധി നല്‍കുന്നതിന് എതിരായുളള വിമർശനം കാണാം.
കേരളത്തിന്റെ സന്തോഷ് ട്രോഫി വിജയവും സ്കൂൾ അവധിയും
കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയപ്പോള്‍ മുൻപ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയ കീഴ് വഴക്കമുണ്ട്.വിജയം നേടുമ്പോള്‍ അവധി പ്രഖ്യാപിക്കുന്നത് ഉചിതം ആണോ എന്ന ചർച്ചയും അക്കാലങ്ങളില്‍ നടന്നിരുന്നു.ഇതേ തുടർന്നാണോ അല്ലയോ എന്ന് വ്യക്തം അല്ലെങ്കിലും ഏറ്റവും ഒടുവില്‍ സന്തോഷ് ട്രേഫിയില്‍ കേരളം ചാമ്പ്യൻമാരായപ്പോള്‍ അവധി പ്രഖ്യാപിച്ചിരുന്നില്ല.

















