സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെഎസ്‌ആർടിസി പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന രാത്രികാല “പിങ്ക് ബസ്’ സർവീസുകള്‍ വ്യാഴാഴ്ച ആരംഭിക്കും.യുഡിഎഫ് സർക്കാരിന്‍റെ നൂറു ദിന കർമപരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ നിർവഹിക്കും.

തുടക്കത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ടെക്നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസ് സർവീസ് നടത്തുക. കിഴക്കേകോട്ടയില്‍ നിന്നാരംഭിച്ച്‌ തമ്പാനൂർ, പട്ടം, മെഡിക്കല്‍ കോളെജ് (ആർസിസി), ഉള്ളൂർ, കഴക്കൂട്ടം, ടെക്നോപാർക്ക്, ഇൻഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നീ പ്രധാന കേന്ദ്രങ്ങള്‍ വഴിയാകും ബസ് സർവീസ് നടത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി ഒൻപത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർ, ആശുപത്രി ജീവനക്കാർ, സിനിമ കഴിഞ്ഞിറങ്ങുന്നവർ, ട്രെയ്‌ൻ മാർഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പെടെയുള്ളവർക്ക് ഈ സർവീസ് വലിയ ആശ്വാസമാകും. രാത്രി പത്തിനും രാവിലെ അഞ്ചിനുമുള്ള ഷിഫ്റ്റുകളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ‌”പ്രതിധ്വനി’ എന്ന സംഘടന നല്‍കിയ നിവേദനവും പരിഗണിച്ചാണ് സർവീസ്.

തിരുവനന്തപുരം, എറണാകുളം ഡിപ്പോകളില്‍ നിന്നുള്ള ഏറ്റവും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് പിങ്ക് സർവീസിനായി നിലവില്‍ അനുവദിച്ചിട്ടുള്ളത്. രാത്രികാലങ്ങളില്‍ സാധാരണ ബസുകള്‍ ഇല്ലാത്തതിനാല്‍ ഉയർന്ന തുക നല്‍കി മറ്റ് വാഹനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന വനിതകള്‍ക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകും. സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും വരുമാനം വർധിപ്പിക്കാനുമായി ഭാവിയില്‍ ഓണ്‍ലൈൻ റിസർവേഷൻ സൗകര്യവും ഇലക്‌ട്രിക് ബസുകളും പദ്ധതിയുടെ ഭാഗമാക്കാൻ കെഎസ്‌ആർടിസി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക