സിഎംആർഎല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും പിണറായിക്കും കൂടുതല്‍ കുരുക്ക്.കേസിലെ പ്രധാന സാക്ഷി ശശിധരൻ കർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയാണ് വഴിത്തിരിവായത്.
2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നല്‍കിയത്. സിഎംആർഎല്ലിന് പണം നല്‍കിയത് വീണ ടി നല്‍കുന്ന സേവനങ്ങള്‍ക്കല്ലെന്നും പിണറായി വിജയനുമായുള്ള അടുപ്പം കാരണമാണെന്നുമാണ് കർത്ത ഇഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്. വീണ സിഎംആർഎല്ലിന് യാതൊരു സേവനവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാസപ്പടി ആരോപണത്തില്‍ ഇഡി അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. മരവിപ്പിക്കല്‍ നടപടി സംബന്ധിച്ച് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപാകെയും റിപ്പോർട്ട് സമർപ്പിച്ചു.ഇതിന്റെ ഭാഗമായി വീണ ടിയുടെ 16.5 ലക്ഷം രൂപ ഇഡി മരവിപ്പിച്ചു. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്.
വീണയുടെ മറ്റൊരു കമ്പനിയായ ലേക്കർ ഇന്ത്യയുടെ 15.5 ലക്ഷം രൂപയും മരവിപ്പിച്ചിട്ടുണ്ട്. വീണയുടെ ലോക്കറും മരവിപ്പിച്ച സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു.വീണയുടെ ബാങ്ക് അക്കൗണ്ടില്‍ 1.37 ലക്ഷം രൂപയാണുള്ളത്. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍ 27,585 രൂപയും കണ്ടെത്തി. അതേസമയം ശശിധരൻ കർത്തയുടെയും കുടുംബാംഗങ്ങളുടെയും 26 കോടി രൂപയുടെ സ്വത്തുക്കളും ഇഡി മരവിപ്പിച്ചു.
സിഎംആർഎല്ലില്‍ നിന്ന് എക്സാലോജിക്കിന് നല്‍കിയതായി ആരോപിക്കപ്പെടുന്ന മാസപ്പടി പണവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.കേസില്‍ ഇഡി വിശദമായ അന്വേഷണം തുടരുകയാണ്. ബാങ്ക് ഇടപാടുകള്‍, കമ്പനി രേഖകള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.
വീണയുടെയും എക്സാലോജിക്കിന്റെയും മറ്റ് ഇടപാടുകളെക്കുറിച്ചും ഇഡി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.മൊഴിയും രേഖകളും അടിസ്ഥാനമാക്കി കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് സൂചന. കേസ് രാഷ്ട്രീയമായും വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

















