കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കിടെ മാനസിക പീഡനവും അപമാനകരമായ ദേഹപരിശോധനയും നേരിടേണ്ടിവന്നതായി ആരോപിച്ച് കാസർകോട് സ്വദേശിയായ യുവാവ് മുഖ്യമന്ത്രിക്കും കസ്റ്റംസ് കമ്മിഷണർക്കും പരാതി നല്‍കി.കാസർകോട് എരിയാല്‍ സ്വദേശി ഹുസൈനാർ മഹ്ഷാദാണ് പരാതിക്കാരൻ. പരിശോധനയ്ക്കിടെ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ഷർട്ട് ഒഴികെയുള്ള എല്ലാ വസ്ത്രങ്ങളും അഴിക്കാൻ നിർബന്ധിച്ചതായും, പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്താവള ജീവനക്കാരും കൂട്ടംകൂടി നിന്ന് പരിഹസിച്ചെന്നും പരാതിയില്‍ പറയുന്നു.
പരിശോധന നടത്തിയതില്‍ എതിർപ്പില്ലെന്നും, എന്നാല്‍ അത് നടത്തിയ രീതിയും ഒന്നും കണ്ടെത്താനാകാതിരുന്നിട്ടും അപമാനകരമായി പെരുമാറിയതുമാണ് പരാതിക്ക് കാരണമെന്നും മഹ്ഷാദ് വ്യക്തമാക്കി.ഈ മാസം 19-നാണ് സംഭവം നടന്നത്.
ഫുജൈറയില്‍ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ മഹ്ഷാദിനോട്, സമീപത്തുള്ള മംഗളൂരു വിമാനത്താവളം ഒഴിവാക്കി കണ്ണൂരില്‍ ഇറങ്ങിയതിന്റെ കാരണം ഉദ്യോഗസ്ഥർ ചോദിച്ചതായി പരാതിയില്‍ പറയുന്നു. തുടർന്ന് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി ലഗേജ് വിശദമായി സ്കാൻ ചെയ്തെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതിനുശേഷമാണ് ദേഹപരിശോധനയുടെ പേരില്‍ വസ്ത്രങ്ങള്‍ അഴിപ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം.















