കോടതി ഉത്തരവിനെ തുടർന്ന് മകനെ അമ്മയ്‌ക്കൊപ്പം വിട്ടുനല്‍കേണ്ടി വന്നതിലുള്ള മാനസിക വിഷമത്തില്‍ സ്വകാര്യ ബസ് ജീവനക്കാരൻ ജീവനൊടുക്കി.കുമളി കോഴിമല സ്വദേശിയും ബസ് കണ്ടക്ടറുമായ രഞ്ജീഷ് ആണ് വിഷം കഴിച്ച്‌ ചികിത്സയിലിരിക്കെ അന്തരിച്ചത്. ആറ് വർഷത്തോളമായി രഞ്ജീഷ് ഒറ്റയ്ക്ക് വളർത്തിയ മകനെ പിരിഞ്ഞതിലുള്ള കടുത്ത മാനസിക വേദനയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

ആറ് വർഷം മുൻപ് ജോലി ആവശ്യത്തിനായി രഞ്ജീഷിന്റെ ഭാര്യ ഷാർജയിലേക്ക് പോയിരുന്നു. തുടർന്ന് കോഴിമലയിലെ വീട്ടില്‍ മാതാപിതാക്കളുടെ സഹായത്തോടെ രഞ്ജീഷാണ് മകനെ നോക്കി വളർത്തിയത്. എന്നാല്‍, വിദേശത്തു വെച്ച്‌ ഭാര്യ മറ്റൊരാളുമായി ബന്ധത്തിലാവുകയും രഞ്ജീഷുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തതായി കുടുംബം പറയുന്നു. ഒരു മാസം മുൻപ് നാട്ടിലെത്തിയ ഭാര്യ മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കട്ടപ്പന കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വിധി അനുകൂലമായതോടെ കുട്ടിയെ അമ്മയ്‌ക്കൊപ്പം വിട്ടയക്കേണ്ടി വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മകനെ പിരിഞ്ഞതോടെ രഞ്ജീഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പഞ്ചായത്ത് അംഗം റോബിൻ കാരക്കാടൻ വ്യക്തമാക്കി. തുടർന്ന് ഒരാഴ്ച മുൻപാണ് രഞ്ജീഷ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മരണം.

രഞ്ജീഷിന്റെ മരണശേഷവും അന്ത്യകർമങ്ങളില്‍ പങ്കെടുക്കാൻ കുട്ടിയെ വിട്ടുനല്‍കാൻ അമ്മ വിസമ്മതിച്ചതായി നാട്ടുകാർ ആരോപിച്ചു. ഒടുവില്‍ ബന്ധുക്കള്‍ വീണ്ടും കോടതിയെ സമീപിച്ച ശേഷമാണ് അന്ത്യകർമങ്ങള്‍ക്കായി കുട്ടിയെ വീട്ടിലെത്തിക്കാനായത്. പ്രിയപ്പെട്ട ജീവനക്കാരന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സഹപ്രവർത്തകരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക