കോളിയാടി യുപി സ്കൂളില്‍ വിദ്യാർഥികള്‍ക്കിടയില്‍ റിപ്പോർട്ട് ചെയ്ത ഛർദ്ദി, വയറിളക്ക ബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ടു കുട്ടികള്‍ക്കു ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.ആരോഗ്യവകുപ്പ് ആകെ 21 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ രണ്ട് എണ്ണത്തിന്റെ ഫലമാണ് പോസിറ്റീവായത്. 19 സാംപിളുകളുടെ ഫലം വരാനുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്കൂളിലെ വിദ്യാർഥികള്‍ക്ക് കൂട്ടത്തോടെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇതോടെ 337 വിദ്യാർഥികള്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നിലവില്‍ 25 കുട്ടികള്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. രോഗബാധയെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ബത്തേരിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച കുട്ടികളുമായി അടുത്ത സന്പർക്കത്തിലുണ്ടായിരുന്ന അധ്യാപകർക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ജാഗ്രതാ നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്ന് രാവിലെ 8.30ന് ബത്തേരി ഉന്നതതല അടയന്തര യോഗം ചേരുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരൻ ഉച്ചയോടെ വയനാട് ജില്ലയില്‍ എത്തി സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തും.
രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ഫുഡ് സേഫ്റ്റി വിഭാഗത്തിന് വ്യാപക പരിശോധന നടത്താൻ മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്. തട്ടുകടകളുടെയും ഭക്ഷണശാലകളുടെയും പ്രവർത്തനം പരിശോധിച്ച്, നിയമലംഘനം കണ്ടെത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഐ.സി. ബാലകൃഷ്ണൻ എംഎല്‍എയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ക്യാന്പ് ചെയ്ത് ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്.
ആരോഗ്യപ്രവർത്തകർ ബോധവത്കരണവും നിരീക്ഷണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരാൻ സാധ്യതയുള്ളതിനാല്‍ കുടിവെള്ള സ്രോതസുകളും ഭക്ഷ്യവസ്തുക്കളും വിശദമായി പരിശോധിച്ചുവരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

















