വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടക്കേസില്‍ കൊച്ചി ലേക് ഷോർ ആശുപത്രി നടത്തിയത് മനുഷ്യത്വ രഹിതമായ കമ്മിഷൻ ഇടപാടുകള്‍.കേസിലെ മുഖ്യപ്രതി മുഹമ്മദ് നജീബുമായി ലേക് ഷോർ ആശുപത്രി കമ്മിഷൻ കരാറുണ്ടാക്കിയതിന്റെ രേഖകള്‍ ജനം ടിവിക്ക് ലഭിച്ചു.

മുഹമ്മദ് നജീബിന്റെ ‘കല്ലട്രാസ്’ എന്ന മെഡിക്കല്‍ ടൂറിസം സ്ഥാപനവുമായാണ് ലേക് ഷോർ ആശുപത്രി 2025-ല്‍ കമ്മിഷൻ കരാർ ഒപ്പുവച്ചത്. അവയവമാറ്റ ശസ്ത്രക്രിയകള്‍ക്ക് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിന് പ്രതിഫലമായാണ് കമ്മിഷൻ നല്‍കിയിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് ഒരു ലക്ഷം രൂപയും വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് 50,000 രൂപയും മുഹമ്മദ് നജീബിന് കമ്മിഷനായി നല്‍കുമെന്നാണ് കരാറില്‍ പറയുന്നത്. ഇതിന് പുറമെ മറ്റ് ശസ്ത്രക്രിയകള്‍ക്ക് 10 ശതമാനം വരെ കമ്മിഷൻ നല്‍കാമെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയവദാനവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്കും മെഡിക്കല്‍ ധാർമ്മികതയ്‌ക്കും വിരുദ്ധമായ രീതിയിലാണ് ഇവരുടെ ഇടപാടുകള്‍ എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

അന്വേഷണ ഏജൻസികള്‍ക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം, കരാറില്‍ രേഖപ്പെടുത്തിയ തുകയേക്കാള്‍ പതിന്മടങ്ങ് വരെ കമ്മിഷൻ അവയവ റാക്കറ്റിന്റെ ഭാഗമായവർക്ക് നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ആശുപത്രിയും ഇടനിലക്കാരും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി കൂടുതല്‍ വിശദമായി പരിശോധിച്ചുവരികയാണ്.

വ്യാജരേഖകള്‍ ഉപയോഗിച്ച്‌ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. വ്യാജ ആധാർ കാർഡുകള്‍, വ്യാജ ബന്ധുസർട്ടിഫിക്കറ്റുകള്‍ എന്നിവ തയ്യാറാക്കി നിയമാനുമതി നേടിയ ശേഷം അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തിയിരുന്ന സംഘടിത ശൃംഖലയുടെ പ്രധാന കണ്ണിയാണ് മുഹമ്മദ് നജീബ് എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

കേസില്‍ അറസ്റ്റിലായ മുഹമ്മദ് നജീബ് നിലവില്‍ റിമാൻഡിലാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍, കരാർ, കമ്മിഷൻ കൈമാറ്റം എന്നിവയുടെ വിശദാംശങ്ങളും അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരെയും മാനേജ്മെന്റ് പ്രതിനിധികളെയും മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍, കരാർ രേഖകള്‍, പണമിടപാടുകള്‍, ഇടനിലക്കാരുടെ പങ്ക് എന്നിവയാണ് ഇഡി പ്രധാനമായും പരിശോധിച്ചതെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക