സംസ്ഥാനത്തെ സർക്കാർ സ്കൂളുകളില്‍ ഹെഡ്മാസ്റ്റർ നിയമനം വൈകുന്നത് വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു.നിലവില്‍ സംസ്ഥാനത്തെ 248 സർക്കാർ സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാതെ അക്കാദമിക്, ഭരണപരമായ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

സാധാരണയായി കൃത്യസമയത്ത് നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകിപ്പിക്കുന്നതാണ് ഈ ഭരണസ്തംഭനത്തിന് പ്രധാന കാരണം. ഹെഡ്മാസ്റ്റർ നിയമന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന ശക്തമായ ആക്ഷേപമാണ് ഇതിനോടകം ഉയരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യഥാസമയം നടക്കേണ്ട പ്രമോഷൻ നടപടികള്‍ പൂർണമായും മരവിച്ച നിലയിലായതോടെ സ്കൂളുകളിലേക്കുള്ള പുതിയ നിയമനങ്ങളും അവതാളത്തിലായിരിക്കുകയാണ്. ഹെഡ്മാസ്റ്റർ തസ്തികയ്ക്ക് തുല്യമായ പദവിയാണ് അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസർ (AEO) തസ്തികയുടേതും. സീനിയർ അധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായും എഇഒ മാരായും പ്രമോഷൻ നല്‍കേണ്ട നടപടികള്‍ വൈകുന്നതിനാല്‍ നിലവില്‍ എഇഒ തസ്തികകളിലെ നിയമനങ്ങളും പൂർണമായി മുരടിച്ചിരിക്കുകയാണ്. സീനിയറായ ഒരു അധ്യാപകന് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിക്കുമ്പോള്‍ മാത്രമാണ് താഴെത്തട്ടിലുള്ള പുതിയ നിയമനങ്ങള്‍ക്കും വഴിയൊരുങ്ങുന്നത് എന്നതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഈ മെല്ലെപ്പോക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹെഡ്മാസ്റ്റർ ഒഴിവുകളുള്ളത് എറണാകുളം ജില്ലയിലാണ്; ഇവിടെ 38 സ്കൂളുകളിലാണ് പ്രധാനാധ്യാപകരില്ലാത്തത്. തൊട്ടുപിന്നിലുള്ള ഇടുക്കിയില്‍ 37 വിദ്യാലയങ്ങളിലും കാസർകോട് 29 വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർമാരില്ല. മറ്റ് ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോട്ടയത്ത് 25, കണ്ണൂരിലും തൃശ്ശൂരിലും 19 വീതം, മലപ്പുറത്തും ആലപ്പുഴയിലും 17 വീതം, പാലക്കാട് 15, വയനാട്ടിലും പത്തനംതിട്ടയിലും 11 വീതം, കൊല്ലത്ത് 7, തിരുവനന്തപുരത്ത് 3 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകള്‍.

വിദ്യാലയങ്ങളുടെ ദൈനംദിന അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും പൂർണമായും നിയന്ത്രിക്കേണ്ട പ്രധാനാധ്യാപകരുടെ അഭാവം സ്കൂളുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ പ്രമോഷൻ നടപടികളും പുതിയ നിയമനങ്ങളും തടസമില്ലാതെ യഥാസമയം നടക്കുമ്പോഴാണ് സർക്കാർ സ്കൂളുകള്‍ മാത്രം ഇത്തരമൊരു ഭരണസ്തംഭനം നേരിടുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും പ്രധാനാധ്യാപകരെ നിയമിക്കാൻ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ അധ്യാപക-രക്ഷിതൃ സമൂഹങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക