ക്രിക്കറ്റ് കോച്ചിങ്ങിനായി വന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച്‌ ആയ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം.മനു (40) രണ്ടാമത്തെ കേസിലും കുറ്റക്കാരൻ എന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള കണ്ടെത്തി. നാളെ വിധി പറയും. തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്‍ററില്‍ 2018 മുതലാണ് കുട്ടി കോച്ചിങ്ങിനായി എത്തുന്നത് .

ആദ്യ കുറച്ച്‌ നാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിന് എന്ന് പറഞ്ഞ് അവിടത്തെ ജിമ്മിലേക്കും വിവിധ ബാത്ത്റൂമിലേക്കും മറ്റും കൊണ്ട് പോയാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത്.ഇത് കൂടാതെ കുട്ടിയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രതി പകർത്തി. മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കേസിലെ അതിജീവിതയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയുടെ ഇഷ്ടത്തിന് വഴങ്ങാതിരുന്ന പെണ്‍കുട്ടിക്ക് പിന്നീട് പ്രതി ശരിയായ കോച്ചിങ് കൊടുക്കാതെയായി. ഇതിനാല്‍ 2019 ഇല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്ക് പോയി. പീഡനം പുറത്ത് പറഞ്ഞാല്‍ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഭയന്ന് വെളിയില്‍ പറഞ്ഞില്ല. ഈ കുട്ടിക്ക് പുറമെ കോച്ചിങ് എത്തിയ മറ്റ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ചിട്ടുണ്ട്. പീഡനത്തില്‍ മനംനൊന്ത് ഇവരും വേറെ സ്ഥലത്തേയ്ക്ക് കോച്ചിങ്ങിന് പോയി. ഇവരും പ്രതിയെ ഭയന്ന് സംഭവം പുറത്ത് പറഞ്ഞില്ല.

2024 ഇല്‍ തിരുവനന്തപുരത്ത് വെച്ച്‌ നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്‍റില്‍ പങ്കടുക്കാൻ എത്തിയ പീഡനത്തില്‍ ഇരയായ ഒരു പെണ്‍കുട്ടി വർഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡന സംഭവം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതിയെ പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികള്‍ക്കും കേസ് നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടർന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റർ ചെയ്തു. ഇതില്‍ നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഇതില്‍ ഒരു കേസില്‍ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം 6 വർഷം കഠിനതടവിനും 24000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.

ഇപ്പോള്‍ രണ്ടാമത്തെ കേസില്‍ ആണ് മനുവിനെ കുറ്റക്കാരൻ ആയി കണ്ടെത്തിയത്. ബലാത്സംഗത്തിന് ശ്രമത്തിനുള്ള വകുപ്പിലും പ്രതിയെ ഈ കേസില്‍ കുറ്റക്കാരനായി കണ്ടത്തിയിട്ടുണ്ട്. പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ ഹാജരായി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം ഇടപെടുകയും സത്രീകളെയും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച്‌ മതിയെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക