മാസപ്പടി കേസിലെ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുള്ള വിധിയില്‍ കടുത്ത പരാമർശങ്ങള്‍.പ്രതികളെ പുറത്തു വിട്ടാല്‍ ഇ ഡി ഉദ്യോഗസ്ഥരുടെ ജീവന് ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ ഇ ഡി യുടെ ആശങ്കക്ക് അടിസ്ഥാനമുണ്ടെന്നും വിധിയുടെ പകർപ്പില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ഇ ഡിക്ക് മുന്നോട്ട് പോയെ പറ്റൂ. പ്രതികള്‍ പുറത്തിറങ്ങിയാല്‍ അക്രമം ആവർത്തിക്കാൻ ഇടയുണ്ട്. ഇനിയും കേസില്‍ പ്രതികളെ പിടികൂടാനുണ്ട് . മറ്റു പ്രതികളുടെ അറസ്റ്റും ഇവർ തടസപ്പെടുത്താൻ ഇടയുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനുള്ള സാധ്യതയുമുണ്ടെന്ന് കോടതി വിലയിരുത്തി.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവര്‍ത്തരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉത്തരവ്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി ദൃശ്യങ്ങള്‍ പരിശോധിച്ചത്.
മിന്നല്‍ പരിശോധന, ആക്രമണം
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നല്‍ പരിശോധന നടത്തിയത്. അദ്ദേഹത്തിന്റെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. മാസപ്പടി കേസിലെ ഇ.ഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങള്‍ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു റെയ്ഡ്. റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങിയ വാഹനങ്ങള്‍ വളഞ്ഞ സി.പി.എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർ കല്ലുകള്‍, ഇഷ്ടികകള്‍, മരക്കഷ്ണങ്ങള്‍ (കുരവടികള്‍) എന്നിവ ഉപയോഗിച്ച് കാറുകള്‍ ആക്രമിക്കുകയായിരുന്നു.

















