തലസ്ഥാന ജില്ലയില്‍ രണ്ടാം മെഡിക്കല്‍ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയന വർഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യ കെ.മുരളീധരൻ.കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓണ്‍ലൈൻ യോഗത്തിലാണ് മന്ത്രി കെ.മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.എച്ച്‌.എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കല്‍ കോളേജായി ഉയർത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരും സജ്ജമാണ്. പുതിയ മെഡിക്കല്‍ കോളേജിനുള്ള 150 കോടി കേന്ദ്രസഹായം ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കല്‍ സീറ്റുകള്‍ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി.നദ്ദ ഉറപ്പ് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്‌, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നടപടികള്‍ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ പദ്ധതികള്‍ക്കായി കേന്ദ്രസഹായവും മന്ത്രി തേടി.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്‌എസ്വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളില്‍ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകള്‍,ഹരിപ്പാടും കല്‍പ്പറ്റയിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികള്‍, എല്ലാ ജില്ലകളിലും ട്രോമ കെയർ, ബേണ്‍സ് യൂണിറ്റുകള്‍, വയനാട്, ഇടുക്കി, കാസർകോട്, മെഡിക്കല്‍ കോളേജുകള്‍, ജനിതകശാസ്ത്രം, ന്യൂറോ സയൻസസ്, കാർഡിയാക് സയൻസസ് എന്നിവയില്‍ സെന്ററുകള്‍ ഓഫ് എക്സലൻസ് സ്ഥാപിക്കല്‍, എമർജൻസി മെഡിസിൻ സേവനങ്ങള്‍ ശക്തിപ്പെടുത്തുകയും എമർജൻസി മെഡിക്കല്‍ ടെക്നീഷ്യൻമാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉള്‍പ്പടെ കേന്ദ്രസഹായം മന്ത്രി കെ.മുരളീധരൻ തേടി.

കേരളത്തിന്റെ ക്ഷയ രോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, എൻ.എച്ച്‌.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.അനു.എസ്.നായർ,കെ.എം.എസ്.സി.എല്‍ എം.ഡി ഡോ.രേണുരാജ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ,ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടർ(ടി.ബി) ഡോ.സക്കീന, എൻ.എച്ച്‌.എം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക