ഏത് സർക്കാർ അധികാരത്തിലേറുമ്പോഴും ചിലർ ചോദിക്കുന്ന ചോദ്യമുണ്ട്, മന്ത്രി വസതികളില്‍ ഭാഗ്യക്കേടിന് കുപ്രസിദ്ധി ചാർത്തിക്കിട്ടിയ മൻമോഹൻ ബംഗ്ലാവില്‍ ആരായിരിക്കും താമസിക്കുകയെന്ന്.ഇത്തവണ അതിന് നറുക്ക് വീണിട്ടുള്ളത് വിഡ‍ിഎസ് ക്യാബിനറ്റിലെ ഏറ്റവും ബേബിയായ ഒ ജെ ജനീഷിനാണ്. മൻമോഹൻ ബംഗ്ലാവില്‍ താമസിച്ചാല്‍ പിന്നെ നിയമസഭ കാണില്ലെന്നാണ് ചില കോണുകളില്‍ ഉയരുന്ന പ്രചരണം.

ശ്രീമൂലം തിരുനാളാണ് ഈ ബംഗ്ലാവ് പണികഴിപ്പിച്ചത്. പിന്നീട് ജനാധിപത്യം വന്നപ്പോള്‍ സർക്കാർ കെട്ടിടം ഏറ്റെടുത്തു. 2006ല്‍ വി എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ സമയത്താണ് ഈ മന്ത്രിമന്ദിരം വിവാദങ്ങളില്‍ നിറയുന്നത്. ആദ്യം താമസിക്കാനെത്തിയത് കോടിയേരി ബാലകൃഷ്ണൻ. താമസം മാറിയെത്തിയതിന് പിന്നാലെ മന്ത്രി നടത്തിയ വൻ മോടിപിടിപ്പിക്കലാണ് മന്ത്രിമന്ദിരത്തെ വിവാദത്തിലാക്കിയത്. 17ലക്ഷത്തോളം രൂപ ചെലവിട്ട് കമ്മ്യൂണിസ്റ്റ് മന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിച്ചത് വലിയ വിവാദമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവില്‍ ബംഗ്ലാവുപേക്ഷിച്ച്‌ കോടിയേരി പോയി. പിന്നാലെ പൊതുമരാമത്ത് മന്ത്രി ടി യു കുരുവിള മൻമോഹൻ ബംഗ്ലാവില്‍ താമസം തുടങ്ങി. ഭൂമിയിടപാട് ക്രമക്കേടുയർന്നതോടെ കുരുവിള രാജിവച്ചു. പകരം വന്ന മോൻസ് ജോസഫ് കുറച്ച്‌ കാലം താമസിച്ചു, വിമാനയാത്ര വിവാദത്തില്‍ നിന്ന് പിജെ ജോസഫ് കുറ്റവിമുക്തി നേടി തിരിച്ചെത്തിയപ്പോള്‍ മോൻസ് മന്ത്രി സ്ഥാനം ഒഴിഞ്ഞു. പിന്നെ കുറച്ച്‌ കാലം പി ജെ ജോസഫ് മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിച്ചുവെങ്കിലും അദ്ദേഹം മുന്നണി വിട്ടതോടെ ബംഗ്ലാവ് വീണ്ടും ഒഴിഞ്ഞു.

2011ല്‍ ഉമ്മൻചാണ്ടി സർക്കാർ വന്നപ്പോള്‍ ആര്യാടൻ മുഹമ്മദാണ് ബംഗ്ലാവ് ഏറ്റെടുത്തത്. അഞ്ച് വർഷം തികച്ച ശേഷമായിരുന്നു പടിയിറക്കം. 2016ല്‍ മന്ത്രിമന്ദിരത്തിലെത്തിയ തോമസ് ഐസക്കും അഞ്ച് വർഷം തികച്ചു. മുമ്പ് ഇറങ്ങിപ്പോയ പി ജെ ജോസഫാകട്ടെ 2011ലും 2016ലും ഇപ്പോള്‍ 2021ലും നിയമസഭയിലേക്ക് എത്തുകയും ചെയ്തു. ഒടുവില്‍ 2021ല്‍ മന്ത്രിയായിരുന്ന സമയം ആന്‍റണി രാജുവാണ് മൻമോഹൻ ബംഗ്ലാവില്‍ താമസിച്ചത്. പിന്നീട് ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനത്ത് നിന്ന് ആന്‍റണി രാജു മാറി. അവസാനം 2026 ജനുവരിയില്‍ തൊണ്ടിമുതല്‍ കേസില്‍ കോടതി ശിക്ഷിച്ചതോടെ ആന്‍റണി രാജുവിനെ അയോഗ്യനാക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക