നാട്ടുകാർ കണ്ടെത്തി പൊലീസില്‍ ഏല്‍പ്പിച്ചിരുന്ന ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കാണാതായി.മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഗുരുതരവും അതേസമയം സേനയ്‌ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതുമായ സംഭവം നടന്നത്. മോഷണത്തിന് പിന്നില്‍ കരിപ്പൂർ പൊലീസ് സ്റ്റേഷനിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന വിവരമാണ് പുറത്തുവരുന്നത്.
2018-ന് മുമ്പ് വിവിധ സമയങ്ങളില്‍ നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയ സ്വർണമാലയും ബ്രേസ്ലെറ്റും ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് കാണാതായവയില്‍ ഉള്‍പ്പെടുന്നത്. കൂടാതെ 2024 ഒക്ടോബറില്‍ ലഭിച്ച രണ്ട് കമ്മല്‍, ഒരു മോതിരം, രണ്ട് സ്വർണമാലകള്‍ എന്നിവയും സ്റ്റേഷനിലെ രേഖകളില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കാണാതായതായി കണ്ടെത്തി.
കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവള പരിസരത്ത് നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും കാണാതായ ആഭരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.2026 ഫെബ്രുവരിയിലാണ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളില്‍ കുറവുണ്ടെന്ന കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭരണങ്ങള്‍ കാണാതായ വിവരം ചൂണ്ടിക്കാട്ടിയത്.
സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. സ്റ്റേഷനിലെ തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ എങ്ങനെ കാണാതായി, ഇതിന് പിന്നില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിധേയമാണ്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പങ്കാണ് അന്വേഷണ ഏജൻസികള്‍ പ്രധാനമായും പരിശോധിക്കുന്നത്.
പൊലീസിന്റെ കസ്റ്റഡിയില്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകളും കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കളും കാണാതായ സംഭവം സംസ്ഥാന പൊലീസ് സംവിധാനത്തെ തന്നെ പ്രതിരോധത്തിലാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.
















