കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ- യുഡിഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരുമായി പല തവണ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റു.

സിവില്‍ പൊലീസ് ഓഫീസര്‍ രജനി, എസ്‌എഫ് ഐ ജില്ലാ വൈസ് പ്രസിഡണ്ട് അശ്വന്ത്, കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം വൈഷ്ണവ് പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ടൗണ്‍ എസ്‌ഐ ദീപ്തി പ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ചുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ എംഎസ്‌എഫ് യുയുസിയുടെ ബാഗും പേപ്പറും എസ്‌എഫ്‌ഐ സ്ഥാനാർത്ഥി തട്ടിപ്പറിച്ചുകൊണ്ട് ഓടി. പൊലീസ് ഈ എസ്‌എഫ്‌ഐ പ്രവർത്തകയായ സ്ഥാനാർത്ഥിയെ പിടിച്ചുവെച്ചു. തുടർന്ന് എസ്‌എഫ്‌ഐ പ്രവർത്തകരെത്തി പെണ്‍കുട്ടിയെ മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് മോചിപ്പിക്കാൻ തയ്യാറായില്ല. ഇതു പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുന്നതിന് കാരണമായി.

തുടർന്ന് പൊലീസ് പിടിച്ചുവെച്ച സ്ഥാനാര്‍ത്ഥി കൂടിയായ പ്രവര്‍ത്തകയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബലമായി മോചിപ്പിക്കുകയായിരുന്നു. പ്രവര്‍ത്തകരെ ഏറെ പാടുപെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്. സംഘര്‍ഷം ഒഴിവാക്കാനായി പൊലീസ് ലാത്തി വീശുകയും ചെയ്തു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇരുവിഭാഗത്തേയും പൊലീസ് പോളിങ് ബൂത്തിനടുത്തു നിന്ന് മാറ്റി. സിറ്റി എസിപി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് യൂണിവേഴ്‌സിറ്റി പരിസരത്ത് ക്യാംപ് ചെയ്തത്. ബാഗും പേപ്പറും തട്ടിപ്പറിച്ച്‌ ഓടിയെന്ന ആരോപണം പിന്നീട് എസ്‌എഫ്‌ഐ തള്ളിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക