പിറവത്ത് കൂട്ട ആത്മഹത്യചെയ്ത നിര്‍ധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടും വിഫലമായതിന്റെ വേദനയിലാണ് കോതമംഗലം പൊലീസ്. കുടുംബത്തിന്റെ പ്രയാസങ്ങള്‍ മനസിലാക്കിയ കോതമംഗലം സ്‌റ്റേഷനിലെ പൊലീസുകാര്‍ നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. താത്കാലികമായി താമസിക്കാന്‍ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കിയിരുന്നു.വാടകവീട് ശരിയാക്കുകയും ചെയ്തു.
പിന്നാലെയാണ് കുടുംബത്തിന്റെ ആത്മഹത്യാ വിവരം എത്തിയത്.കോതമംഗലത്ത് താമസിക്കുകയായിരുന്നു നെന്മാറ സ്വദേശി ഇലവഞ്ചേരി നാരായണന്‍ (45), ഭാര്യ പായിപ്ര പാലക്കാപറമ്പില്‍ ബിജിമോള്‍ (43), രണ്ട് വയസ്സുള്ള മകന്‍, ഏഴുവയസ്സുകാരി മകള്‍ എന്നിവരാണ് മൂവാറ്റുപുഴയാറില്‍ ചാടി ജീവനൊടുക്കിയത്.സാമ്പത്തിക ബുദ്ധിമുട്ട് താങ്ങാനാകാതെ നാരായണനും കുടുംബവും കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. കുടുംബത്തിന്റെ ദുരിതം അറിഞ്ഞ പൊലീസ് ഇവരെ സഹായിക്കാന്‍ തയാറാവുകയും ചെയ്തു.
ചെറുവട്ടൂരിലെ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു കുടുംബം നേരത്തെ താമസിച്ചിരുന്നത്. വാടകവീട് ഒഴിയേണ്ടിവന്നപ്പോള്‍ മറ്റൊരു വീടിനായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കുഞ്ഞുങ്ങളുമായി പോകാന്‍ മറ്റൊരിടം ഇല്ലാതായതോടെയാണ് പൊലീസിനെ സഹായത്തിനായി സമീപിച്ചത്.
കുടുംബത്തിന് താമസിക്കാനായി ആദ്യം നെല്ലിക്കുഴിയിലെ ഒരു ലോഡ്ജില്‍ താത്കാലിക താമസസ്ഥലം ഒരുക്കിനല്‍കിയിരുന്നുവെന്ന് കോതമംഗലം എസ്‌എച്ച്‌ഒ കെ.ആര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു. പിന്നീട് മറ്റൊരു വാടകവീടും ഇവര്‍ക്കായി കണ്ടെത്തിയിരുന്നു.കുടുംബവുമായി ബന്ധപ്പെടാന്‍ ഫോണ്‍ വാങ്ങിനല്‍കാനും പൊലീസ് ആലോചിച്ചിരുന്നു. കുടുംബത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വ്യാഴാഴ്ച പൊലീസുകാര്‍ ലോഡ്ജില്‍ എത്തിയപ്പോഴാണ് ഇവരെ കാണാനില്ലെന്ന വിവരം അറിയുന്നത്.









