ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തില്‍. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു ഷൈജുവിന്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷൈജു യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു. വെല്‍ഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഷൈജു പ്രവർത്തിച്ചത്. അടിയന്തര നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഫ്‌സല്‍ പ്ലാമൂട്ടില്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ നിർണായക പദവിയിൽ വെൽഫെയർ പാർട്ടി നേതാവ് ഇടം പിടിച്ചതിൽ ക്രൈസ്തവ സഭയ്ക്കും കടുത്ത അതൃപ്ത്തിയുണ്ട്. ഉന്നത നേതൃത്വം നിർദ്ദേശിച്ചിട്ടും ക്രൈസ്തവ സമുദായത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാതെയാണ് ഇത്തരത്തിൽ ഒരു നിയമനം നടന്നത് എന്നതിലാണ് സഭയ്ക്ക് അതൃപ്ത്തി. ജമാഅത്ത് ഇസ്ലാമിയുടെ സ്ലീപ്പർ സെല്ലുകൾ യുഡിഎഫ് ഭരണകൂടത്തിന്റെ ഇടനാഴികളിൽ കടന്നു കയറുന്നതിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
പാർട്ടി പ്രവർത്തകർ അവഗണിക്കപ്പെടുന്നു; ഭരണത്തിന്റെ ഇടനാഴികളിൽ ചുവടുറപ്പിക്കുന്നത് ‘അവതാരങ്ങൾ’
യുഡിഎഫ് മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിന് പിന്നാലെ മന്ത്രി പദവിയിൽ എത്തിയവരും പ്രധാന നേതാക്കളും പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. ഭരണത്തിന്റെ ഇടനാഴികളിൽ പുതിയ അവതാരങ്ങൾ പിറവിയെടുക്കുന്നു എന്നതും ആശങ്കാജനകമാണ്. കെപിസിസി അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡണ്ടുമാരും നിരവധി ഡിസിസി അധ്യക്ഷൻ ആരും യഥാക്രമം മന്ത്രി പദവികളിലേക്കും എംഎൽഎ പദവികളിലേക്കും എത്തിയതോടെ സംഘടനയും ചലനമറ്റ അവസ്ഥയിലാണ്. ഭരണത്തിൽ പാർട്ടിയുടെയും പാർട്ടി പ്രവർത്തകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ അടിയന്തരമായി സംഘടന ശക്തി പ്രാപിക്കണമെന്നും ഇതിനുവേണ്ടി പുനസംഘടന പൂർത്തിയാക്കണമെന്നുമുള്ള അഭിപ്രായവും ഇതിനാൽ തന്നെ ഉയർന്നു വരുന്നുണ്ട്.

















