രണ്ടാം പിണറായി സർക്കാരിന്റെ അവസാന നാളുകളിലും ബാർ ലൈസൻസുകള്‍ വാരിക്കോരി നല്‍കിയതായി രേഖകള്‍.അവസാന 72 ദിവസം മാത്രം 22 മദ്യശാലകള്‍ക്കാണ് അന്നത്തെ എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാർച്ച് 15നു തൊട്ടുമുൻപുള്ള ദിവസങ്ങളില്‍ 10 മദ്യശാലകളുടെ ലൈസൻസാണ് കൂട്ടത്തോടെ വിതരണം ചെയ്തതെന്നു രേഖകള്‍ വ്യക്തമാക്കുന്നു.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 21 ബാറുകള്‍ക്കും ഒരു ബിയർ- വൈൻ പാർലറിനുമാണ് ലൈസൻസ് നല്‍കിയത്. ആലപ്പുഴ. കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലായാണു തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ മദ്യവില്‍പന ശാലകള്‍ എത്തിയത്.
മാർച്ച് അഞ്ചു മുതല്‍ 15 വരെയുള്ള തീയതികളിലായിരുന്നു ഇതില്‍ ഭൂരിഭാഗം ബാറുകളുടെയും ലൈസൻസ് വിതരണം ചെയ്തത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെത്തുടർന്ന് മൂന്നു മദ്യശാലകളുടെ ലൈസൻസ് വിതരണം നടത്തുന്നതു നിർത്തിവച്ചിരുന്നു. ജനുവരിയില്‍ ഒൻപത് ബാർ ലൈസൻസുകളും ഫെബ്രുവരിയില്‍ മൂന്നു ബാറുകളുടെ ലൈസൻസുകളുമാണ് വിതരണം നടത്തിയതായാണ് രേഖകള്‍.
സംസ്ഥാനത്താകെ ഇപ്പോള്‍ 903 ബാറുകളാണ് നിലവിലുള്ളത്. കൂടാതെ 222 ബിയർ- വൈൻ പാർലറുകളുമുണ്ട്. ഒന്നാം പിണറായി സർക്കാർ അധികാരത്തില്‍ വരുന്പോള്‍ സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിക്കു മുകളിലുള്ള 29 ബാറുകള്‍ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. നിലവാരമില്ലാത്ത ബാറുകള്‍ അടച്ചുപൂട്ടാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചതിനു പിന്നാലെ കോണ്ഗ്രസിലുണ്ടായ തർക്കങ്ങളാണ് പഞ്ചനക്ഷത്ര പദവിക്കു താഴെയുള്ള ബാറുകളുടെ അടച്ചുപൂട്ടലില്‍ കലാശിച്ചത്.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ നിലവിലുള്ളത്-211 എണ്ണം. തൃശൂരില്‍ 116 ബാറുകളുണ്ട്. കാസർഗോഡ് ജില്ലയിലാണ് കുറവ് ബാറുകളുള്ളത്-11 എണ്ണം മാത്രം. 512 ത്രീസ്റ്റാറും 308 ഫോർ സ്റ്റാറും 57 ഫൈവ് സ്റ്റാറും 26 ഹെറിറ്റേജ് ഹോട്ടലുകളുമുണ്ട്. യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം വരാൻ ഇരിക്കുന്നതേയുള്ളൂ.
മദ്യശാലകളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കുന്നത് അടക്കമുള്ള നിർദേശമുണ്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.





